നേരിന്റെ നിറവുള്ള, കരുണയുടെ മുഖമുള്ള അമ്മ മനസ്സുകള്‍; ഇന്ന് മാതൃദിനം

ഇന്ന് മാതൃദിനം, അമ്മമാര്‍ക്കായി ഒരു ദിവസം. അമ്മയെ ഓര്‍ക്കാനും ആശംസിക്കാനും ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍, എല്ലാ ദിവസങ്ങളിലും അമ്മയെ ഓര്‍ക്കുകയും നന്മകള്‍ക്ക് നന്ദി പറയുകയും ചെയ്യാറുണ്ടോ എന്ന മറുചോദ്യമാണ് മറുപടി. ഇല്ല എന്നാണുത്തരമെങ്കില്‍ യുക്തിവാദങ്ങള്‍ക്ക് പ്രസക്തിയില്ലന്ന് ഉള്‍ക്കൊണ്ട് ഇന്നെങ്കിലും ഓര്‍മ്മിക്കപ്പെടുന്ന അമ്മമാരുടെ സന്തോഷങ്ങളില്‍ പങ്കു ചേരാം.

എത്ര വര്‍ണിച്ചാലും മതിവരാത്ത അമ്മയെന്ന സത്യം ലോകമുണ്ടായ നാള്‍ മുതല്‍ കവിതകള്‍ക്ക് വിഷയമാകുകയും കഥകള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നു. അമ്മയെന്നതിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് ഇനിയുമെത്ര ആവര്‍ത്തിച്ചാലും ആവര്‍ത്തന വിരസത തോന്നില്ല. കാരണം അതുമാത്രമാണ് നിത്യസത്യം.

അടുക്കളയില്‍ മാത്രം ഒതുങ്ങിക്കൂടി അരങ്ങത്തേക്കൊരിക്കലും വരാതെ മക്കള്‍ക്ക് വേണ്ടി നിശ്ശബ്ദമായി ഉരുകിത്തീരുന്ന പഴയ അമ്മ സങ്കല്‍പ്പത്തില്‍ നിന്ന് കാലമേറെ മുന്നോട്ട് പോയി. ഇന്നത്തെ അമ്മമാര്‍ വീടിനകത്ത് മാത്രം കറങ്ങിത്തിരിയുന്നവരല്ല. വിരല്‍ത്തുമ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന ഈ ലോകത്ത് അത്ഭുതങ്ങള്‍ക്ക് കാരണഭൂതരാകുന്ന ചില വിരല്‍ത്തുമ്പുകള്‍ ഇവരുടേതുകൂടിയാണ്.

ഒരേസമയം ജോലിയും കുടുംബവും ഒരേ പോലെ കൊണ്ടുപോകാന്‍ ഇന്നിന്റെ അമ്മമാര്‍ക്ക് കഴിയുന്നുണ്ട്. ജോലി എന്ത് തന്നെയായാലും സ്വന്തമായി വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ നമ്മുടെ സ്ത്രീകള്‍ പ്രാപ്തരാണ്. ഇതിനിടയിലും പറയണം, അവര്‍ കുടുംബത്തിന് എത്രയേറെ പ്രിയപ്പെട്ടവരാണെന്ന്, അവരില്ലെങ്കില്‍ ഇറങ്ങിവന്ന വീടുകള്‍ ഉറങ്ങിപ്പോകുമെന്ന്.

ചിത്രം: സന്തോഷ്-(ബിസ്മി, തൃശൂര്‍ ബ്രാഞ്ച് മാനേജര്‍)

അപകടങ്ങളില്‍ തളരാതിരിക്കാന്‍, പരാജയങ്ങളില്‍ പതറാതിരിക്കാന്‍, ലൈംഗികമായി അപമാനിക്കപ്പെട്ടാല്‍ പോലും അതെന്റെ തെറ്റല്ലെന്നും തലകുനിക്കേണ്ടത് ഞാനല്ലെന്നുമുള്ള തിരിച്ചറിവില്‍ നിവര്‍ന്നു നില്‍ക്കുന്ന നമ്മുടെ മക്കള്‍ നല്ല അമ്മമാരുടെ സമ്മാനമാണ്. എന്റെ കുഞ്ഞേ, നിനക്ക് ഞാനുണ്ടെന്ന് ചേര്‍ത്തു പിടിച്ച് എല്ലായിടത്തും കൂടെ നിന്ന ഒരുപാട് അമ്മമാര്‍ നമുക്ക് ചുറ്റുമുണ്ട്.

നന്മകള്‍ക്കൊക്കെയും തിന്മയെന്ന മറുവശമുണ്ട്. അതിനാല്‍ത്തന്നെ അമ്മമാരെ അംഗീകരിക്കുമ്പോള്‍ വെറുക്കപ്പെടേണ്ടവരും ഏറെയാണ്. എല്ലാത്തിന്റെയും അടിസ്ഥാനം അമ്മയാണ്. വിശ്വാസത്തിന്റെ അടിത്തറയും അമ്മയാണ്. എത്ര വളര്‍ന്നാലും അമ്മയുടെ മുന്‍പില്‍ എല്ലാരും കുഞ്ഞുങ്ങളാണ്. ആ അമ്മ തന്നെ അന്തകയാകുന്ന അപമാനമാകുന്ന ഒട്ടനേകം വാര്‍ത്തകളാണ് അടുത്തിടെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച് പുറത്തുവന്നത്.

അമ്മ ഭാരമാകുന്ന മക്കളുണ്ട്. അനാഥാലയങ്ങള്‍ അവരെക്കൊണ്ട് നിറയുന്നുണ്ട്. അവസാനകാലത്ത് അവര്‍ തനിച്ചാക്കപ്പെടുകയാണ്. ജീവിതത്തിന്റെ തിരക്കുകളില്‍ അമ്മമാര്‍ മക്കള്‍ക്ക് ഭാരമാകുന്നു.

ഒന്നുമാത്രം ഓര്‍ക്കുക. കാലമേറെ മാറുകയാണ്. ഒരുപക്ഷേ വാത്സല്യത്തിന്റെ മണമുള്ള, കരുണയുടെ നിറമുള്ള അമ്മമാര്‍ ഇന്നലെയുടെ മാത്രം വരദാനങ്ങളായി അവസാനിച്ചേക്കാം. ആ തലമുറയുടെ മക്കളായിരുന്നിട്ടും നമ്മളവരോട് ഇത്ര ക്രൂരമായി പെരുമാറുന്നുവെങ്കില്‍ വരും തലമുറ നമ്മോടെങ്ങനെയൊക്കെ പെരുമാറുന്നുവെന്ന് ഇടയ്‌ക്കൊക്കെ വെറുതെ ആലോചിച്ചു നോക്കുന്നത് നല്ലതാണ്.

എങ്കിലും നേരിന്റെ നിറവുള്ള മക്കളൊക്കെയും ഇനിയും അമ്മമാരെത്തന്നെ വിശ്വസിക്കും. സങ്കടങ്ങില്‍ അമ്മേ എന്നുതന്നെ വിളിക്കും. തകര്‍ച്ചകളില്‍ അമ്മയെത്തന്നെ കെട്ടിപ്പിടിക്കും. കുഞ്ഞുകാര്യങ്ങളില്‍ അമ്മയോടുതന്നെ വഴക്കിടും. കാര്യസാധ്യങ്ങള്‍ക്കായി അമ്മയെത്തന്നെ സോപ്പിടും. ലോകംതന്നെ ഇടിഞ്ഞുവീണാലും അമ്മയെ അവിശ്വസിക്കാന്‍ കഴിയില്ല മക്കള്‍ക്ക്. അത് മാതൃത്വത്തിന്റെ മഹത്വമാവാം. അമ്മ മനസ്സുകള്‍ക്ക് ആശംസകള്‍.

DONT MISS
Top