കണ്ണൂരില്‍ കൊല്ലപ്പെട്ട സിപിഐഎം നേതാവ് ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പള്ളൂരില്‍ കൊല്ലപ്പെട്ട സിപിഐഎം നേതാവ് കണ്ണിപൊയില്‍ ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ബാബുവിന്റെ ഭാര്യ അനിത അമ്മ സരോജിനി മക്കള്‍ അനുപ്രിയ, അനാമിക, അനുനന്ദ് എന്നിവരെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. അന്വേഷണ ചുമതലയുള്ള പുതുച്ചേരി സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് അപൂര്‍വ ഗുപ്തയോട് കേസ് അന്വേഷണത്തിന്റെ പുരോഗതി മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.

ബാബുവിന്റെ ജ്യേഷ്ഠന്‍ മനോജിനോട് മുഖ്യമന്ത്രി വിവരങ്ങള്‍ അന്വേഷിച്ചു. ശനിയാഴ്ച വൈകുന്നേരം എട്ട് മണിയോടെയാണ് മുഖ്യമന്ത്രി ബാബുവിന്റെ വീട്ടിലെത്തിയത്. ഏകദേശം പത്ത്മിനുട്ട് സമയം വീട്ടില്‍ ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് കോഴിക്കോടേക്ക് പോയി.

കാഞ്ഞങ്ങാട്ട് നിന്നാണ് മുഖ്യമന്ത്രി ബാബുവിന്റെ വീട്ടിലേക്കെത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, തലശ്ശേരി ഏരിയ സെക്രട്ടറി എംസി പവിത്രന്‍, നഗരസഭാ ചെയര്‍മാന്‍ സികെ രമേശന്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന സമിതി അംഗത്തെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആര്‍എസ്എസ് നേതാവും ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗവുമായ വിജയന്‍ പൂവച്ചേരിയെയാണ് കസ്റ്റഡിയിലെടുത്തത്. പുതുച്ചേരി സീനിയര്‍ പൊലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് സിപിഐഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടത്. അക്രമിസംഘം പതിയിരുന്ന് ബാബുവിനെ ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

DONT MISS
Top