മണ്ടന്‍ പ്രസ്താവനയില്‍ ത്രിപുര മുഖ്യമന്ത്രിയെ കവച്ചുവച്ച് പഞ്ചാബ് ഗവര്‍ണര്‍; കൂട്ടുപിടിച്ചത് ‘രാമസേതു’വിനെ

ഗവര്‍ണര്‍ വിപി സിംഗ് ബദ്‌നോരെ

ചണ്ഡീഗഢ്: തുടര്‍ച്ചയായി അബദ്ധപ്രസ്താവനകളുടെ പേരില്‍ കോമാളി പരിവേഷം നേടിയിരിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ ദേബിന് ഒരു പിന്‍ഗാമി പഞ്ചാബില്‍ നിന്ന്. ത്രിപുര മുഖ്യമന്ത്രിയെയും കവച്ചുവയ്ക്കുന്ന പ്രസ്താവനയുമായി എത്തിയിരിക്കുന്ന ആള് നിസാരക്കാരനല്ല. പഞ്ചാബ് ഗവര്‍ണര്‍ വിപി സിംഗ് ബദ്‌നോരെയാണ് അബദ്ധപ്രസ്താവന നടത്തി ത്രിപുര മുഖ്യമന്ത്രിയെ വെല്ലുവിളിക്കാനെത്തിയിരിക്കുന്നത്.

മഹാഭാരത കാലത്തും ഇന്റര്‍നെറ്റുണ്ടായിരുന്നുവെന്നും മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് മഹാഭാരത യുദ്ധത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യുദ്ധഭൂമിയിലില്ലാത്ത സഞ്ജയന്‍ പറഞ്ഞു കൊടുത്തത് ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ സഹായാത്താലാണെന്നായിരുന്നു ബിപ്ലബ് ദേവിന്റെ ആദ്യ അബദ്ധപ്രസ്താവന. എന്നാല്‍ പഞ്ചാബ് ഗവര്‍ണര്‍ വിപി സിംഗ് ബദ്‌നോരെ തന്റെ മണ്ടത്തരത്തിന് കൂട്ടുപിടിച്ചിരിക്കുന്നത് രാമായണത്തെയാണ്. ലങ്കയില്‍ എത്താന്‍ ശ്രീരാമന്‍ നിര്‍മ്മിച്ചുവെന്ന് രാമായണത്തില്‍ പറയുന്ന ‘രാമസേതു’ പുരാതന കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്ന സാങ്കേതിക വിദ്യയുടെ തെളിവാണെന്നാണ്് ബദ്‌നോരെ പറയുന്നത്.

കടലിന് കുറുകെ നിര്‍മ്മിച്ച സേതുവും ഹനുമാന്‍ സഞ്ജീവനി ചെടി കൊണ്ടുവന്നതും അന്നത്തെ കാലത്ത് ഉപയോഗിച്ച അത്യാധുനിക ആയുധങ്ങഴും നമ്മുടെ സാങ്കേതിക ജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്റെയും തെളിവുകളാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മൊഹാലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസേര്‍ച്ചിലായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. ശാസ്ത്രദിനത്തില്‍ ശാസ്ത്രഞ്ജരുടെയും ഗവേഷരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തിലായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

പുരാതന കാലം മുതല്‍ ഇവിടെ സങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നുവെന്ന് രാമായണത്തിലും മഹാഭാരതത്തിലും വ്യക്തമാണ്. ജീവിതത്തിന്റെ എല്ലാ മേഖലയിലും സാങ്കേതിക വിദ്യയിലുള്ള മുന്നേറ്റമാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ നിന്നുള്ള ബിജെപി നേതാവായിരുന്ന വിപി സിംഗ് ബദ്‌നോരെ രണ്ടുതവണ ലോക്‌സഭാംഗവും ഒരു തവണ രാജ്യസഭാംഗവുമായിരുന്നു. 2016 ഓഗസ്റ്റിലാണ് മോദി സര്‍ക്കാര്‍ അദ്ദേഹത്തെ പഞ്ചാബ് ഗവര്‍ണറായി നിയോഗിച്ചത്.

DONT MISS
Top