ഫ്‌ലിപ്കാര്‍ട്ടില്‍ ഒമ്പത് വര്‍ഷം മുമ്പ് നിക്ഷേപിച്ചത് 10 ലക്ഷം; ഇന്നത്തെ മൂല്യം 135 കോടി


ഇന്ത്യന്‍ കമ്പനിയായിരുന്ന ഫ്‌ലിപ്കാര്‍ട്ടിനെ അമേരിക്കന്‍ വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ട് ഏറ്റെടുത്തുവെന്ന വാര്‍ത്ത അത്ര അപ്രതീക്ഷിതമായിരുന്നില്ല. ഒരുലക്ഷം കോടിയോളം രൂപയാണ് വാള്‍മാര്‍ട്ട് ഇതിനായി മുടക്കുന്നത്. നിക്ഷേപകരുടെ കയ്യിലുള്ള ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങിക്കൂട്ടും.

ഫ്‌ലിപ്കാര്‍ട്ടിന്റെ ജീവനക്കാരുടെ പക്കലിരിക്കുന്ന ഓഹരികള്‍ക്കുപോലും കോടികളാണ് ലഭിച്ചത്. ഇത്തരത്തില്‍ നിരവധി ജീവനക്കാര്‍ കമ്പനിയിലുണ്ട്. എന്നാല്‍ ഫ്‌ലിപ്കാര്‍ട്ടിന്റെ പ്രാരംഭ ഘട്ടത്തില്‍ പണം മുടക്കിയ ആശിഷ് ഗുപ്ത എന്ന ചെറുപ്പക്കാരനാണ് ഈ ഇടപാടിലെ താരം. ഫ്‌ലിപ്കാര്‍ട്ടിനുള്ള പ്രവര്‍ത്തന മൂലധനമായാണ് ഈ എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ ഒമ്പത് കൊല്ലം മുമ്പ് 10 ലക്ഷം രൂപ മുടക്കിയത്.

ഒരു പതിറ്റാണ്ട് തികയുംമുമ്പേ അദ്ദേഹത്തിന്റെ നിക്ഷേപം വളര്‍ന്നത് 1,34,900 ശതമാനം. അതായത് പത്തുലക്ഷം 135 കോടി രൂപയായി വളര്‍ന്നു. അദ്ദേഹം പണം മുടക്കിയ മെയ്ക്ക് മൈ ട്രിപ്പ്, മ്യൂസിഗ്മ എന്നീ കമ്പനികളും വന്‍ ലാഭം മാത്രമേ അദ്ദേഹത്തിന് നല്‍കിയിട്ടുള്ളൂ.

ജംഗ്‌ലി എന്ന വെബ്‌സൈറ്റ് ആരംഭിച്ച് ആശിഷ് ഗുപ്തയാണ്. പിന്നീട് ആമസോണ്‍ ഈ സംരംഭത്തെ ഏറ്റെടുത്തു. 24 കോടി ഡോളറാണ് ഈ ഇടപാടിലൂടെ ഗുപ്തയ്ക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ ഗുപ്ത നിക്ഷേപിച്ച് തുടങ്ങിയത്.

DONT MISS
Top