വനിതാ ഐപിഎല്‍; ട്വന്റി20 എക്‌സിബിഷന്‍ മത്സരം സംഘടിപ്പിക്കാനൊരുങ്ങി ബിസിസിഐ

ദില്ലി: വനിതാ ഐപിഎല്‍ സംഘടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ. ഇത്തവണത്തെ ഐപിഎല്‍ പ്ലേ ഓഫിന് മുന്‍പ് വനിതാ ട്വന്റി20 എക്‌സിബിഷന്‍ മത്സരം സംഘടിപ്പിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

ഓസ്‌ട്രേലിയയിലെ വനിതാ ബിഗ്ബാഷ് ലീഗിന് സമാന്തരമായി ഇന്ത്യയില്‍ വനിതാ ട്വന്റി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. ഐപിഎല്‍ ഭരണാധികാര
സമിതി ട്വന്റി20ക്ക് അനുമതി നല്‍കിയതായാണ് വിവരം. നാല് വിദേശ കളിക്കാരടക്കം രണ്ട് ടീമുകളാണ് മാറ്റുരയ്ക്കുക.

‘ഐപിഎല്‍ മാതൃകയിലായിരിക്കും വനിതാ ട്വന്റി20 എക്‌സിബിഷനും സംഘടിപ്പിക്കുക. രണ്ട് ടീമിലുമായി ആകെ 10 വിദേശ കളിക്കാരും, 20 ഇന്ത്യന്‍ താരങ്ങളുമാണ് ഉണ്ടാകുക. കളിക്കാരെ തെരഞ്ഞെടുക്കാനുള്ള ചുമതല ദേശീയ സെലക്ഷന്‍ കമ്മിറ്റിയുടേതാണ്. 2.30 ഓടെ ആരംഭിക്കുന്ന മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണവും ഏര്‍പ്പെടുത്തും’, സിഒഎ അംഗവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ ഡയാന എഡൂജി പറഞ്ഞു.

വനിതാ ഐപിഎല്‍ ഏതാനും വര്‍ഷങ്ങളായി പരിഗണനയിലുള്ള വിഷയമാണെന്ന് സിഒഎ മേധാവി വിനോദ് റായിയും വ്യക്തമാക്കി. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോര്‍ഡുകളുമായി ബിസിസിഐ ചര്‍ച്ച നടത്തിയതായാണ് വിവരം. മെയ് 22 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി എക്‌സിബിഷന്‍ മത്സരം സംഘടിപ്പിച്ചേക്കും.

DONT MISS
Top