ജസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് കേരള പൊലീസ്; വിവരം തിരുവല്ല ഡിവൈഎസ്പിയെ അറിയിക്കണം

പത്തനംതിട്ട: ജസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് കേരള പൊലീസ്. കോട്ടയം എരുമേലി മുക്കൂട്ടുതറയില്‍നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വിവരം തിരുവല്ല ഡിവൈഎസ്പിയെ അറിയിക്കണം. ജസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 9497990035 എന്ന നമ്പറില്‍ വിളിച്ചറിയിക്കാം.

കഴിഞ്ഞ മാര്‍ച്ച് 22നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജയിംസി(20)നെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളെജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്‌ന. രാവിലെ അമ്മായിയുടെ വീട്ടിലേക്ക് എന്ന പറഞ്ഞ് പോയ ജസ്‌നയെ അതിന് ശേഷം മറ്റാരും കണ്ടിട്ടില്ല.

അതേസമയം ബംഗളുരുവിലെ മഡിവാളയിലെ ആശ്വാസഭവനില്‍ ജെസ്‌നയെയും ഒരു സുഹൃത്തിനെയും കണ്ടെന്നാണ് ഏറ്റവുമൊടുവില്‍ ലഭിച്ച വാര്‍ത്ത. ആശ്വാസഭവന്‍ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തൃശൂര്‍ സ്വദേശിയായ യുവാവുമൊത്ത് ജെസ്‌ന ആശ്വാസഭവനില്‍ എത്തിയെന്നാണ് വാര്‍ത്തകള്‍. ഇരുവരും ബൈക്കില്‍ സഞ്ചരിക്കെ അപകടം ഉണ്ടായെന്നും തുടര്‍ന്ന് ബംഗളുരുവിന് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയതായുമാണ് വിവരം. തുടര്‍ന്ന് സൗജന്യമായി ഭക്ഷണം ലഭിക്കുന്ന ആശ്വാസഭവനില്‍ പോയി അവിടെ താമസിക്കാനുള്ള അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. അവിടുത്തെ വൈദികനോട് തങ്ങളുടെ വിവാഹം നടത്തിത്തരാന്‍ ആവശ്യപ്പെട്ടതായും വിവരം നല്‍കിയവര്‍ പറയുന്നു. എന്നാല്‍ ഇതിനൊന്നും സ്ഥിരീകരണമില്ല.

DONT MISS
Top