ആന്ധ്രയില്‍ ടിഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം; അമിത് ഷായുടെ വാഹനത്തിന് നേര്‍ക്ക് കല്ലേറ്

അമിത് ഷാ

ഹൈദരാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നേരെ ആന്ധ്രപ്രദേശില്‍ ടിഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ക്ഷേത്രദര്‍ശനത്തിനെത്തിയ അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് പ്രതിഷേധക്കാര്‍ കല്ലേറും നടത്തി.

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിന് പിന്നാലെ ഇന്ന് ആന്ധ്രയിലെ വെങ്കടേശ്വര ക്ഷേത്രത്തില്‍ എത്തിയതായിരുന്നു അമിത് ഷാ. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുക, അമിത് ഷാ തിരിച്ച് പോകുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ടിഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അമിത് ഷായുടെ വാഹനത്തെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. കല്ലേറില്‍ ഒരു വാഹനത്തിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്.

എന്നാല്‍ പ്രവര്‍ത്തകരോട് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുന്നറിയിപ്പ് നല്‍കി. കല്ലേറില്‍ നിരവധി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് ബിജെപി-ടിഡിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. നേരത്തെ സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തെലുഗുദേശം പാര്‍ട്ടി, എന്‍ഡിഎ മുന്നണി വിട്ടിരുന്നു.

DONT MISS
Top