കളിച്ചും ചിരിച്ചും ഇംഗ്ലീഷ് ക്യാമ്പ് അവധിക്കാലം ആഘോഷമാക്കി കുട്ടികള്‍

കാസര്‍ഗോഡ്: വിഷന്‍ 2023ന്റെ ഭാഗമായി മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ: യു.പി.സ്‌ക്കൂളില്‍ സംഘടിപ്പിച്ച ദ്വിദിന ഇംഗ്ലീഷ് ക്യാമ്പ് കുട്ടികള്‍ക്ക് പുതുപുത്തന്‍ അനുഭവമായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മലയാളം മാധ്യമമായ വിദ്യാലയങ്ങളിലെ കുട്ടികളും ഇംഗ്ലീഷ് ഭാഷയില്‍ ഉയര്‍ന്ന പ്രാവീണ്യം നേടാന്‍ പര്യാപ്തരാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ഇംഗ്ലീഷ് എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്ന കുട്ടികള്‍ക്ക് മുമ്പില്‍ കളിയും പാട്ടും സിനിമയുമായി അധ്യാപകര്‍ എത്തിയപ്പോള്‍, അവരുടെ പ്രിയകൂട്ടുകാരായി ഇംഗ്ലീഷ് മാറി. സ്വന്തമായി ഭാഷ നിര്‍മ്മിക്കുന്ന രീതിയില്‍ തിയറ്റര്‍ ഗെയിമുകളും സ്‌കിറ്റുകളും അവതരിപ്പിച്ചപ്പോള്‍ രക്ഷിതാക്കള്‍ക്ക് പോലും അതിശയമായി. യു.പി. വിഭാഗത്തിലെ 65 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷത വഹിച്ചു. ഹലോ ഇംഗ്ലീഷ് പരിശീലകരായ ടി.വി.മിഥുന്‍, ഹരിപ്രസാദ് കരിവെള്ളൂര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. അധ്യാപകരായ സണ്ണി കെ.മാടായി, പി.ശ്രീകല, പി.ലീന, ടി.വി.അരുണ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

DONT MISS
Top