ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്ത കാര്യം സ്ഥിരീകരിച്ച് സിബിഐ

അറസ്റ്റിലായ കുല്‍ദീപ് സിംഗ് സെനഗര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ യോഗി ആതിദ്യനാഥ് സര്‍ക്കാരിനെ ആകെ പിടിച്ചുലച്ച ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെനഗര്‍ മുഖ്യപ്രതിയെന്ന് കേസ് അന്വേഷണം നടത്തുന്ന സിബിഐ വ്യക്തമാക്കി. പെണ്‍കുട്ടിയെ കുല്‍ദീപ് ബലാത്സംഗം ചെയ്തകാര്യം സിബിഐ സംഘം സ്ഥിരീകരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എംഎല്‍എയുടെ വസതിയില്‍ വച്ച് കുല്‍ദീപ് സിംഗ് സെനഗര്‍ കുട്ടിയെ പീഡിപ്പിച്ചെന്നും ഈ സമയം എംഎല്‍എയുടെ സഹായിയായ ശശി സിംഗ് പുറത്ത് കാവല്‍ നിന്നെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഏറെ വിവാദമായ ഉന്നാവോ ബാലാത്സംഗക്കേസിലെ അന്വേഷണം ഒരു മാസം മുന്‍പാണ് സിബിഐ ഏറ്റെടുത്തത്. ഇതിനകം തന്നെ കൃത്യത്തില്‍ എംഎല്‍എയ്ക്കുള്ള പങ്ക് സിബിഐക്ക് ബോധ്യപ്പെട്ടു.

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും നീതിപൂര്‍വമായ അന്വേഷണം നടത്തുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. എംഎല്‍എ കുല്‍ദീപ് സിംഗ്സെ നഗറാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ശശി സിംഗാണ് ഇതിന് സഹായം ചെയ്തതെന്നും പലതവണ
പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയെങ്കിലും എഫ്‌ഐആറില്‍ നിന്നും കുറ്റപത്രത്തില്‍ നിന്നും കുല്‍ദീപ് സിംഗ് അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് ഒഴിവാക്കുകയാണ് ചെയ്തത്.

ജൂണ്‍ 20 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആഗസ്റ്റിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കുന്നത് പൊലീസ് വൈകിപ്പിച്ചെന്നും സിബിഐ കുറ്റപ്പെടുത്തി. ബലാത്സംഗ സമയത്ത് ധരിച്ചിരുന്ന പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുന്നതും പൊലീസ് വൈകിപ്പിച്ചു. പ്രതികളെ രക്ഷപെടുത്താന്‍ പൊലീസ് ഗുരുതര നിയമലംഘനമാണ് നടത്തിയത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സിബിഐ, പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലും പെണ്‍കുട്ടി ബിജെപി എംഎല്‍എയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 164-ാം വകുപ്പ് അനുസരിച്ച് രേഖപ്പെടുത്തിയ ഈ മൊഴി കോടതിയില്‍ ശക്തമായ തെളിവാണ്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് മാനഭംഗം സംബന്ധിച്ച് ആദ്യ പരാതി നല്‍കിയത്. നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്.

തന്റെ മകളെ ബിജെപി എംഎല്‍എയായ കുല്‍ദീപ് സെന്‍ഗാര്‍ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് പപ്പുവും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയ്ക്കുമുന്നില്‍ നേരത്തെ പ്രതിഷേധിക്കുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ പപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് എംഎല്‍എ കുല്‍ദീപ് സിംഗ് സെനഗറിന്റെ സഹോദരന്‍  അതുല്‍ സെന്‍ഗാറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പപ്പു പൊലീസ് കസ്റ്റഡിയില്‍വെച്ച് മരണപ്പെടുകയായിരുന്നു.

പൊലീസ് അന്വേഷണത്തിലെ വീഴ്ചയേയും എംഎല്‍എയെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണത്തെയും തുടര്‍ന്ന് പ്രതിഷേധം ശക്തമായതിന് പിന്നാലെ കേസ് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു. മാനഭംഗക്കേസും പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവും സിബിഐയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

കേസ് അന്വേഷണം ഏറ്റെടുത്ത സിബിഐ കോടതി നിര്‍ദേശപ്രകാരം കുല്‍ദീപ് സിംഗ് സെനഗറിനെ ഏപ്രില്‍ 14 ന് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചതിന് ഇയാളുടെ സഹോദരനും അറസ്റ്റിലായി. ഇരുവരും റിമാന്‍ഡിലാണുള്ളത്.

DONT MISS
Top