“ഇത് മെയ്ക്ക് ഇന്‍ ഇന്ത്യയല്ല, ഇത് മെയ്ക്ക് ഫോര്‍ ഇന്ത്യ”, ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപിയും എതിര്‍ത്തിരുന്നുവെന്നോര്‍മിപ്പിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ


ഫ്‌ലിപ്കാര്‍ട്ടിനെ അമേരിക്കന്‍ വ്യാപാര ഭീമനായ വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. ഇത് നരേന്ദ്ര മോദി സര്‍ക്കാറിന്റെ വിദേശ നയത്തിന്റെ വ്യക്തമായ ചതിയാണെന്നാണ് സിപിഐഎം പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയിലെ പ്രസ്താവനകള്‍ക്കുപുറമെ പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്.

മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത് മെയ്ക്ക് ഫോര്‍ ഇന്ത്യ ആയിരിക്കുന്നു. ആയിരക്കണക്കിന് കോടിയുടെ വ്യവസായം നടക്കുന്ന ഇന്ത്യന്‍ ചെറുകിട വില്‍പന മേഖലയില്‍ പിന്‍വാതില്‍വഴി വിദേശ നിക്ഷേപമെത്തുന്നു. ഇത്തരം വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട ഉറപ്പില്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു. പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപി എതിര്‍ത്തിരുന്നു. ഇടത് പാര്‍ട്ടികള്‍ എക്കാലവും എതിര്‍ത്തിരുന്നു ഇത്തരത്തിലുള്ള നീക്കം. രാജ്യത്തെ അഞ്ചിലൊന്ന് ജനവിഭാഗത്തിന്റെ വരുമാന മാര്‍ഗവും നാല് കോടി ആളുകളുടെ ഉപജീവന മേഖലയുമാണ് ചില്ലറ വ്യാപാര മേഖല. ഇതിനെ തകര്‍ക്കാനേ കേന്ദ്ര നീക്കം ഉപകരിക്കൂ എന്നും സിപിഐഎം പോളിറ്റ് ബ്യൂറോ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top