‘ഇന്ത്യക്കാരില്‍ മറ്റാരേക്കാളും രാജ്യസ്നേഹിയാണ് എന്റെ അമ്മ, രാജ്യത്തിനുവേണ്ടി അവര്‍ ഒരുപാട് സഹിക്കുകയും ത്യജിക്കുകയും ചെയ്തു’; മോദിക്ക് രാഹുലിന്റെ മറുപടി

രാഹുല്‍ ഗാന്ധി

ബംഗളുരു: സോണിയാ ഗാന്ധി ഇറ്റലിക്കാരിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത്. ഞാന്‍ കണ്ട ഇന്ത്യക്കാരില്‍ മറ്റാരേക്കാളും മികച്ച ഇന്ത്യക്കാരിയാണ് അമ്മയെന്നും രാജ്യത്തിനുവേണ്ടി ഒരുപാട് സഹിക്കുകയും ത്യജിക്കുകയും ചെയ്ത വ്യക്തിയാണ് അവരെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണങ്ങള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ബംഗളുരുവില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. ‘എന്റെ അമ്മ ഇറ്റാലിയനാണ്. പക്ഷെ അവര്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ജീവിച്ചത് ഇന്ത്യയിലാണ്. ഞാന്‍ കണ്ട ഇന്ത്യക്കാരില്‍ മറ്റാരേക്കാളും ഇന്ത്യനാണ് എന്റെ അമ്മ. ഈ രാജ്യത്തിനുവേണ്ടി ഒരുപാട് സഹിക്കുകയും ക്ഷമിക്കുകയും അവര്‍ ചെയ്തിട്ടുണ്ട്,’ രാഹുല്‍ പറഞ്ഞു.

‘എന്റെ അമ്മയെ അധിക്ഷേപിക്കുന്നതിലൂടെ മോദിജീക്ക് സന്തോഷം കിട്ടുന്നുണ്ടാകാം. ഇത്തരം പ്രസ്താവനകളിലൂടെ പ്രധാനമന്ത്രിയുടെ നിലവാരമാണ് മനസ്സിലാകുന്നത്. അദ്ദേഹമത് ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് ചെയ്‌തോട്ടെ,’ രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരണനേട്ടത്തെക്കുറിച്ച് ഹിന്ദിയിലോ ഇംഗ്ലീഷിലോ അല്ലെങ്കില്‍ നിങ്ങളുടെ അമ്മയുടെ മാതൃഭാഷയിലോ 15 മിനുട്ട് സംസാരിക്കാന്‍ നേരത്തെ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കവെ മോദി രാഹുലിനെ വെല്ലുവിളിച്ചിരുന്നു.

‘മോദിയുടെ ഉള്ളില്‍ തന്നെ ദേഷ്യമാണ്, എന്നോട് മാത്രമല്ല എല്ലാവരോടും. തന്നോട് ദേഷ്യപ്പെടുന്നത് ഞാന്‍ ഒരു ഭീഷണിയായി അദ്ദേഹത്തിന് തോന്നിയത് കൊണ്ടാണ്. ആ ദേഷ്യമാണ് എന്നെ ആകര്‍ഷിക്കുന്നതും. പക്ഷെ മോദീജിയുടെ ദേഷ്യം അദ്ദേഹത്തിന്റെ മാത്രം പ്രശ്‌നമാണ്, എന്റേതല്ല’. രാഹുല്‍ പറഞ്ഞു. രാജ്യത്ത് പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി വ്യക്തി പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘കര്‍ണ്ണാടകയിലെ ജനങ്ങളോട് അവരുടെ ഭാവിയെക്കുറിച്ച് മോദിക്ക് ഒന്നും പറയാനില്ല. അതുകൊണ്ടാണ് എന്തൊക്കയോ പറഞ്ഞ് പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ നോക്കുന്നത്. ഈ തെരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിയെ കുറിച്ചല്ല, ഇത് കര്‍ണ്ണാടകയുടെ ഭാവിയുമായി ബന്ധപ്പെട്ടതാണ്,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top