കീഴടങ്ങുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് പുനരിധിവാസ പാക്കേജ്; പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി

പിണറായി വിജയന്‍

കൊച്ചി: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ തീവ്രവാദികളായ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കീഴടങ്ങല്‍-പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍ കുടുങ്ങിയവരെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കീഴടങ്ങിയവര്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുപോകാതിരിക്കാന്‍ അവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കും. എന്നാല്‍ ആനുകൂല്യങ്ങള്‍ നേടുന്നതിന് മാത്രമായി തന്ത്രപരമായി കീഴടങ്ങുന്നവരെ മാറ്റിനിര്‍ത്തുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്. തീവ്രവാദികളെ അവരുടെ പ്രവര്‍ത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തരംതിരിച്ചിട്ടുണ്ട്. വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഓരോ വിഭാഗത്തിലുളളവര്‍ക്കും നിര്‍ദ്ദേശിച്ചിട്ടുളളത്.

ഉയര്‍ന്ന കമ്മിറ്റികളിലുളളവരാണ് ഒന്നാം കാറ്റഗറി വിഭാഗത്തില്‍ വരുന്നത്. അവര്‍ കീഴടങ്ങുമ്പോള്‍ അഞ്ചുലക്ഷം രൂപ നല്‍കും. ഗഡുക്കളായാണ് തുക നല്‍കുക. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപ നല്‍കും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപ നല്‍കും. തൊഴില്‍ പരിശീലനം ആവശ്യമുളളവര്‍ക്ക് മൂന്നു മാസം വരെ 10,000 രൂപ നല്‍കും. കാറ്റഗറി 2 എ, കാറ്റഗറി 2 ബി എന്നിവയില്‍ വരുന്നവര്‍ക്ക് സറണ്ടര്‍ ചെയ്യുമ്പോള്‍ മൂന്നു ലക്ഷം രൂപയാണ് നല്‍കുക. ഇതും ഗഡുക്കളായിട്ടായിരിക്കും നല്‍കുക.

തങ്ങളുടെ ആയുധം പൊലീസിനെ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കും പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ഉദാഹരണമായി എകെ47 സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് 25,000 രൂപയാണ് നല്‍കുക. മൂന്നു വിഭാഗത്തിലുംപെട്ട വീടില്ലാത്താവര്‍ക്ക് സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനും നിര്‍ദ്ദേശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍-

കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരട് നയത്തിലെ റബ്ബര്‍ ക്ലസ്റ്ററില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണുര്‍ ജില്ലകളെയും വാഴപ്പഴം ക്ലസ്റ്ററില്‍ തൃശ്ശുര്‍, വയനാട്, തിരുവനന്തപുരം ജില്ലകളെയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മാങ്ങയുടെ ക്ലസ്റ്ററില്‍ വയനാടിനെയും, തേയിലയുടെ ക്ലസ്റ്ററില്‍ ഇടുക്കി ജില്ലയെയും മഞ്ഞള്‍ ക്ലസ്റ്ററില്‍ വയനാട് ആലപ്പുഴ ജില്ലകളെയും ഉല്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടും.

ഒരു ക്ലസ്റ്ററിലും ഉള്‍പ്പെടാത്തതും കേരളത്തിലും അന്താരാഷ്ട്ര വിപണിയിലും പ്രാധാന്യമുളളതുമായ കശുമാവ്, കുരുമുളക്, നാളികേരം എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി ക്ലസ്റ്ററുകള്‍ രൂപീകരിക്കണം. കശുമാവിന് കാസര്‍കോട് ജില്ലയെയും കുരുമുളകിന് വയനാട് ജില്ലയെയും നാളികേരത്തിന് കോഴിക്കോട് ജില്ലയെയും ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തണം.

കേന്ദ്രസര്‍ക്കാരിന്റെ കരട് കാര്‍ഷിക കയറ്റുമതി നയത്തില്‍ അമ്പത് ജില്ലാ ക്ലസ്റ്ററുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 22 ഉത്പ്പന്നങ്ങളാണ് ഇതില്‍ വരുന്നത്. എന്നാല്‍ പൈനാപ്പിള്‍, ഇഞ്ചി എന്നിവയില്‍ മാത്രമാണ് കേരളത്തില്‍ ക്ലസ്റ്ററുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി സാധ്യതയുളളതുമായ ഉല്‍പ്പന്നങ്ങളെയെല്ലാം ഒഴിവാക്കിയാണ് ക്ലസ്റ്ററുകള്‍ രൂപീകരിച്ചത്.

നിയമനങ്ങള്‍-

ഡല്‍ഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണര്‍ ഡോ വിശ്വാസ് മേത്തയെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുടെ അധികചുമതല കൂടി അദ്ദേഹത്തിന് നല്‍കും.

തദ്ദേശസ്വയംഭരണ (അര്‍ബന്‍) സെക്രട്ടറി ഡോ ബി അശോകിനെ പാര്‍ലമെന്ററികാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.

പത്തനംതിട്ട ജില്ല കളക്ടര്‍ ആര്‍ ഗിരിജയെ തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു.

ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ഡി ബാലമുരളിയെ പത്തനംതിട്ട ജില്ല കളക്ടറായി നിയമിച്ചു.

കേരളവാട്ടര്‍ അതോറിറ്റി എംഡി ഷൈനാമോളെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണറായി നിയമിച്ചു.

വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ അഡീഷണല്‍ ലീഗല്‍ അഡൈ്വസറുടെ നിയമനം പിഎസ്‌സി മുഖേന നടത്തുവാന്‍ തീരുമാനിച്ചു.

കണ്ണൂര്‍ എടക്കാട് വില്ലേജില്‍ ഇഎസ്‌ഐ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള 5.64 ഏക്കര്‍ ഭൂമി 5.47 കോടി രൂപ ഒടുക്കി മുന്‍കൂര്‍ കൈവശപ്പെടുത്തുന്നതിന് കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിക്ക് കൈമാറുന്നതിന് അനുമതി നല്‍കും.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റിന്റെ രണ്ട് തസ്തികകള്‍ സൃഷ്ടിക്കും.

ഹൈക്കോടതിയുടെ മുമ്പില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നിയമിച്ച ജസ്റ്റിസ് (റിട്ട) പിഎ മുഹമ്മദ് കമ്മീഷന്റെ കാലാവധി, ഇനി നീട്ടിനല്‍കില്ല എന്ന നിബന്ധനയോടെ, 14-05-2018 മുതല്‍ ആറുമാസത്തേക്കുകൂടി നീട്ടിനല്‍കാന്‍ തീരുമാനിച്ചു.

ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കണ്ണൂര്‍ കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇരുന്ന ബഞ്ചില്‍നിന്ന് മറിഞ്ഞുവീണ് മരണമടഞ്ഞ കാപ്പാട് മണലില്‍ ഹൗസ് വത്സരാജിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപയോ ചികിത്സാ ചെലവോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും.

DONT MISS
Top