സ്ഥിരീകരണമെത്തി; ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന്റേത്


ഫ്‌ലിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തേക്കും എന്ന വാര്‍ത്തകള്‍ ഏതാനും ദിവസമായി സജീവമായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കിക്കൊണ്ട് ഫ്‌ലിപ്കാര്‍ട്ട് ഓഹരിയുടമകള്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നു. സോഫ്റ്റ് ബാങ്ക് തങ്ങളുടെ മുഴുവന്‍ ഓഹരികളും വാള്‍മാര്‍ട്ടിന് വിറ്റുകഴിഞ്ഞു.

ഫ്‌ലിപ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിന്റെ പക്കല്‍നിന്ന് അഞ്ച് ശതമാനം ഓഹരികളുള്‍പ്പെടെ 65 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങിക്കും. മൊത്തം ഒരുലക്ഷം കോടിയിലധികം രൂപയാണ് ഇടപാടിനായി വാള്‍മാര്‍ട്ട് മുടക്കുക. ഗൂഗിളിന്റെ പേരന്റ് കമ്പനിയായ ആല്‍ഫബെറ്റും ഫ്‌ലിപ്കാര്‍ട്ടില്‍ ഓഹരികള്‍ വാങ്ങും. ലോകത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ഡീലിനാണ് കളമൊരുങ്ങുന്നത്.

ബിന്നി ബന്‍സാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരും. സിഇഒ ആയി കല്യാണ്‍ കൃഷ്ണമൂര്‍ത്തിയും തുടരും. ഇബേ, മിന്ത്ര, ഫോണ്‍പേ എന്നിങ്ങനെ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയുടെ 40 ശതമാനവും കയ്യടക്കിയിരിക്കുന്നത് ഫ്‌ലിപ്കാര്‍ട്ട് തന്നെയാണ്. ഇ കാര്‍ട്ട് എന്ന ലോജിസ്റ്റിക് കമ്പനിയും ഫ്‌ലിപ് കാര്‍ട്ടിന്റേതാണ്.

ഒരു വ്യവസായ ഭീമനെ ഒരു അമേരിക്കന്‍ കമ്പനി ഏറ്റെടുക്കുന്നു എന്നതിലപ്പുറം വലിയ പ്രാധാന്യമാണ് ഈ ഇടപാടിനുള്ളത്. ഇനിമുതല്‍ ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യന്‍ കമ്പനിയല്ല. രണ്ട് അമേരിക്കന്‍ കമ്പനികള്‍ തമ്മിലുള്ള കിടമത്സരത്തിനാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. എങ്ങനെയും വിപണിയില്‍ മുന്‍തൂക്കം നേടണമെന്നുറച്ച ആമസോണ്‍ ഇനി കൂടുതല്‍ കരുതേണ്ടിയിരിക്കുന്നുവെന്ന് ചുരുക്കം.

DONT MISS
Top