മഹാനടി കണ്ടശേഷം താന്‍ ദുല്‍ഖറിന്റെ ഫാനായി മാറിയെന്ന് എസ്എസ് രാജമൗലി

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് ദുല്‍ഖര്‍ നായകനാകുന്ന മഹാനടി. ഇന്നാണ് മഹാനടിയുടെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. ചിത്രം കണ്ടതിനു ശേഷം താന്‍ ദുല്‍ഖറിന്റെ ഫാനായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എസ്എസ് രാജമൗലി.

അതിമനോഹരമായാണ് ദുല്‍ഖര്‍ അഭിനയിച്ചിരിക്കുന്നതെന്ന് പറഞ്ഞ രാജമൗലി നായികയായി അഭിനയിച്ച കീര്‍ത്തി സുരേഷിനെയും അഭിനന്ദിക്കാന്‍ മറന്നില്ല. സാവിത്രിയായുള്ള കീര്‍ത്തിയുടെ അഭിനയം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചതായിരുന്നുവെന്ന് രാജമൗലി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാജമൗലി ഇരുവരെയും അഭിനന്ദിച്ചത്.

കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും നായികാനയകന്‍മാരായെത്തുന്ന സിനിമ പ്രഖ്യാപനം മുതല്‍ത്തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ അഭിനേത്രികളിലൊരാളായ സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി. ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തിയും ജെമിനി ഗണേശനായി ദുല്‍ഖറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇരുവരെയും അഭിനന്ദിച്ച് സിനിമാപ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. അഭിനന്ദനങ്ങള്‍ക്ക് ദുല്‍ഖറും സോഷ്യല്‍മീഡിയയില്‍ നന്ദി അറിയിച്ചിരുന്നു.

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലേക്കെത്തിയത്. മറ്റ് പതിപ്പുകള്‍ മെയ് 11 നാണ് റിലീസ് ചെയ്യുന്നത്. സാമന്ത അക്കിനേനി, വിജയ് ദേവരക്കൊണ്ട, ശാലിനി അഗര്‍വാള്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

DONT MISS
Top