ക്രിസ്തു ക്രിസ്ത്യാനിയായിരുന്നില്ല, ഒരു സോഷ്യലിസ്റ്റായിരുന്നു | ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എഴുതിയ ലേഖനം


കാള്‍ മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ‘ദി ഹിന്ദു’ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

അടിസ്ഥാനപരമായി, കാള്‍ മാര്‍ക്‌സ് ലോകത്തെ പഠിപ്പിച്ചത് സഹജീവികളില്‍ ദൈവത്തെ കാണേണ്ടതിന്റെ പ്രാധാന്യവും അനിവാര്യതയുമായിരുന്നു. ഇതുതന്നെയാണ് ക്രിസ്തുവും സ്വാമി വിവേകാനന്ദനും മഹാത്മ ഗാന്ധിയും വ്യത്യസ്ത രീതിയില്‍ മറ്റുള്ളവരെ ഉദ്‌ബോധിപ്പിച്ചതും സ്വയം പിന്തുടര്‍ന്നതും. ഒരു പരിധിവരെ മാര്‍ക്‌സിയന്‍ തത്വശാസ്ത്രങ്ങളാണ് എന്നെ സ്വാധീനിച്ചതും സ്ഥിതിസമത്വ വ്യവസ്ഥയിലും മനുഷ്യത്വത്തിലുമൂന്നിയ കാഴ്ച്ചപ്പാടുകളിലേക്ക് നയിച്ചതും.

ഈ ദൈവം എന്നൊരു സംഗതി ഇല്ലേയില്ല എന്നതിലൊന്നും കമ്യൂണിസ്റ്റുകാര്‍ കടിച്ചുതൂങ്ങാറില്ല, മറിച്ച് ദൈവത്തേക്കുറിച്ച് മാര്‍ ക്രിസോസ്റ്റത്തിന്റെ കാഴ്ച്ചപ്പാടല്ല തങ്ങളുടേത് എന്നരീതിയിലാണ് ചിന്താഗതികള്‍ പോകുന്നത്. അതിലൊരുപാട് സമാനതകളുണ്ട്. ക്രിസ്തു ഒരു സോഷ്യലിസ്റ്റായിരുന്നു, അദ്ദേഹം മനുഷ്യവംശത്തിനുതന്നെ ഗുണകരമായ രീതിയിലുള്ള ഒരു തത്വദര്‍ശനം സംഭാവന ചെയ്തു.

നമുക്കറിയാം, എല്ലാ ക്രിസ്ത്യാനികളും സോഷ്യലിസ്റ്റുകളോ എല്ലാ സോഷ്യലിസ്റ്റുകളും ക്രിസ്ത്യാനികളോ അല്ല. അത്തരത്തില്‍ പറഞ്ഞാല്‍ ക്രിസ്തു ഒരു ക്രിസ്ത്യാനിയായിരുന്നില്ല, ഒരു സോഷ്യലിസ്റ്റായിരുന്നുതാനും. സ്വാമി വിവേകാനന്ദന്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ടല്ലോ, പുതിയ ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പാവപ്പെട്ടവരുടെ കൃഷിയിടങ്ങളില്‍ നിന്നും ചെരിപ്പുകുത്തിയുടേയും തൂപ്പുകാരുടേയും കുടിലുകളില്‍നിന്നുമാണെന്ന്.

മറ്റൊരു വഴിയിലൂടെയാണെങ്കിലും കാള്‍ മാര്‍ക്‌സും ഇതുതന്നെയാണ് ലോകത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും ഉദ്‌ബോധിപ്പിച്ചതും. ക്രിസ്തു ഏതെങ്കിലും മതത്തിന്റെ നേതാവായിരുന്നില്ല.  എങ്കിലും സ്വന്തം മതം അദ്ദഹത്തെ തള്ളി, അദ്ദേഹം ഒരിക്കലും യഹൂദരെ തള്ളിപ്പറയുകയോ യഹൂദ മതത്തെ അപമാനിക്കുകയോ ചെയ്തിട്ടില്ല എന്നോര്‍ക്കണം. അദ്ദേഹത്തിന് എല്ലാ മനുഷ്യരിലും ദൈവത്തെ കാണാന്‍ സാധിച്ചു, എല്ലാ മതത്തിലും അങ്ങനെതന്നെ, മാര്‍ക്‌സ് വ്യക്തമാക്കിയതുപോലെതന്നെയൊരു ആശയം.

നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്‌നം ദൈവം എന്നതിനെ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല അഥവാ ദൈവം തെറ്റിദ്ധരിക്കപ്പെടുന്നു എന്നതാണ്. ആര്‍ക്കും ദൈവം എന്ന കാഴ്ച്ചപ്പാടിനെ പൂര്‍ണമായും മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ക്രിസ്തുവും വിവേകാനന്ദനും ഗാന്ധിജിയും മാര്‍ക്‌സും സംഭാവന ചെയ്ത തത്ത്വശാസ്ത്രവും ചിന്താധാരയും പറഞ്ഞുവയ്ക്കുന്നത് ഇപ്പറഞ്ഞ ദൈവത്തെ മറ്റ് മനുഷ്യരില്‍ കണ്ടെത്തേണ്ടതിനേക്കുറിച്ചാണ്. പക്ഷേ അവരുടെ വാക്കുകള്‍ മനസിലാക്കുന്നതില്‍ പലപ്പോഴും നാം പരാജയപ്പെടുകയോ കൃത്യമായി ഉള്‍ക്കൊള്ളാനാകാതെവരികയോ ചെയ്യുന്നു.

ഒരിക്കല്‍ എന്റെ അമ്മാവന്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ പി റ്റി പുന്നൂസിനോട് ചോദിച്ചു, താങ്കള്‍ എപ്പോഴും എന്തിനാണ് ദൈവത്തെ തള്ളിപ്പറയുന്നത് എന്ന്. പി റ്റി പുന്നൂസ് പറഞ്ഞു, ‘ഞാന്‍ അഥവാ ഒരു വ്യക്തി കാരണമാണ് ദൈവം നിലനില്‍ക്കുന്നത്, തിരിച്ചും. എന്നാല്‍ മനുഷ്യവംശത്തിന്റെതന്നെ വിമോചനത്തിനായാണ് ഗാന്ധിയും മാര്‍ക്‌സും വര്‍ഗവിരുദ്ധവും സ്വതന്ത്രവുമായ ഒരു സമൂഹത്തില്‍ വിശ്വസിച്ചത്’. അവര്‍ ശാസ്ത്രീയമായ സോഷ്യലിസത്തെ എതിര്‍ക്കുകയും വ്യതിരിക്തമായ ധാര്‍മികത ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. ഗാന്ധിജിയും മാര്‍ക്‌സും ചൂഷണത്തേയും മുതലാളിത്ത വ്യവസ്ഥിതിയേയും എതിര്‍ത്തു.

ഞാന്‍ ഈയിടെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി സംസാരിച്ചു. അദ്ദഹത്തോട് ഞാന്‍ പറഞ്ഞു, ഞാന്‍ കേരളത്തിലുള്ള എന്റെ സ്‌നേഹിതരോട് പറയാറുണ്ട് ഞാന്‍ സീതാറാം യെച്ചൂരിയെ സത്യക്രിസ്ത്യാനിയാക്കിയിട്ടുണ്ടെന്ന്. അപ്പോള്‍ യെച്ചൂരി എന്നോട് പറഞ്ഞു- തിരുമേനീ, ഞാന്‍ നാളെ കേരളത്തിലെത്തും. ഒരുപക്ഷേ താങ്കള്‍ എത്തുന്നതിലും മുമ്പ്. ശേഷം ഞാനവരോട് പറയും മാര്‍ ക്രിസോസ്റ്റത്തെ ഞാന്‍ കമ്യൂണിസ്റ്റുകാരനാക്കിയെന്ന്!

ഞങ്ങളുടെ ചിന്താധാരകള്‍ ഒന്നുതന്നെയായിരുന്നു. ഒരു മനുഷ്യന്‍ ഈ ലോകത്ത് എന്നും ഒരു മനുഷ്യന്‍ മാത്രമായിരിക്കും. ശ്രീരാമന്‍ മരണം വരെ ശ്രീരാമന്‍ മാത്രമായിരുന്നു. നമുക്ക് ദൈവത്തെ നമ്മുടെ സഹജീവികളില്‍ മാത്രമേ കാണാന്‍ സാധിക്കൂ, മറ്റെങ്ങും സാധിക്കില്ല. ക്രിസ്തുവും മാര്‍ക്‌സും ഗാന്ധിജിയും ബുദ്ധനും എന്നെ പഠിപ്പിച്ചത് ഇതാണ്.

DONT MISS
Top