‘പ്രധാനമന്ത്രിയാകാന്‍ തയ്യാര്‍’; നയം വ്യക്തമാക്കി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ബംഗളുരു: പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണ്ണാടകയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍.

മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല എന്ന കാര്യത്തില്‍ എനിക്ക് നല്ല വിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ മുഖത്ത് അതെനിക്ക് കാണാനാകും. മോദിക്കും അതറിയാം. കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി ആയാല്‍ തീര്‍ച്ചയായും താന്‍ പ്രധാനമന്ത്രിയാകും, ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു. ബിജെപി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുകയോ, മോദി പ്രധാനമന്ത്രി ആകുകയോ ചെയ്യില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഏറെ നിര്‍ണ്ണായകമാണ് കോണ്‍ഗ്രസിന് കര്‍ണ്ണാടക തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നാണിത്. അതുകൊണ്ട് തന്നെ ബിജെപിക്കെതിരെ തിരിച്ചടിക്കാന്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്തിയേ തീരു. കഴിഞ്ഞ സെപ്തംബറിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ തയ്യാറാണെന്ന് വിദ്യാര്‍ത്ഥികളോട് സംവദിക്കവെ രാഹുല്‍ വ്യക്തമാക്കിയിരുന്നു. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാന നാളുകളിലേക്ക് നീങ്ങുമ്പോള്‍ ഇരുമുന്നണികളും വാദപ്രതിവാദങ്ങളുമായി ശക്തമായി തന്നെ രംഗത്തുണ്ട്. മെയ് 12 നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

DONT MISS
Top