“കര്‍ണാടകയില്‍ 135 സീറ്റോടെ ബിജെപി അധികാരത്തില്‍”: തങ്ങളുടേതെന്ന പേരില്‍ പ്രചരിക്കുന്ന സര്‍വെ തള്ളി ബിബിസി തന്നെ രംഗത്ത്; ഫോട്ടോഷോപ്പില്‍ വീണ്ടും നാണംകെട്ട് ബിജെപി

പ്രതീകാത്മക ചിത്രം

കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ തങ്ങള്‍ അധികാരത്തിലെത്തുമെന്ന വ്യാജസര്‍വെ പ്രചാരണവുമായി ബിജെപി. അന്താരാഷ്ട്രമാധ്യമമായ ബിബിസിയുടേതെന്ന പേരിലാണ് ബിജെപി സര്‍വെ പ്രചരിപ്പിച്ചത്. അതേസമയം, സര്‍വെ തള്ളി ബിബിസി ചാനല്‍ തന്നെ രംഗത്തെത്തി. ഇത്തരമൊരു സര്‍വെ തങ്ങള്‍ നടത്തിയിട്ടില്ലെന്ന് ബിബിസി വ്യക്തമാക്കി.

135 സീറ്റുകളോടെ ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് സര്‍വെയില്‍ പറയുന്നത്. ജനതാദള്‍ എസിന് 45 ഉം കോണ്‍ഗ്രസിന് 35 ഉം മറ്റുള്ളവര്‍ക്ക് 19 ഉം സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്ന സര്‍വെയാണ് പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത് ആധികാരിക സര്‍വെ എന്ന തരത്തില്‍ ബിജെപി പ്രചരിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചാനല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

“ബിബിസി ന്യൂസിന്റേതെന്ന പേരില്‍ കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ സര്‍വെ വാട്ട്‌സ്ആപ്പ് വഴി പ്രചരിക്കുന്നുണ്ട്. ഇത് പൂര്‍ണമായും വ്യാജമാണെന്നും ഇത് ബിബിസിയില്‍ നിന്നുള്ളതല്ലെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ ബിബിസി തെരഞ്ഞെടുപ്പിന് മുന്‍പായുള്ള സര്‍വെകള്‍ നടത്താറില്ല”. ട്വിറ്ററിലൂടെ ചാനല്‍ അധികൃതര്‍ വ്യക്തമാക്കി.

ജനതാകീ ബാത് സര്‍വെ കര്‍ണാടകയില്‍ ബിജെപിക്ക് മികച്ച വിജയം പ്രവചിക്കുന്നു എന്ന തലക്കെട്ടോടെയാണ് സര്‍വെ പ്രചരിപ്പിച്ചത്. 10.2 ലക്ഷം വോട്ടര്‍മാരിലാണ് സര്‍വെ നടത്തിയതെന്നും ബിജെപി 135 സീറ്റുകളോടെ ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ് സര്‍വെ പ്രവചിക്കുന്നതെന്നുമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന കര്‍ണാടകയില്‍ ഇതുവരെ വന്ന സര്‍വെകളെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. കര്‍ണാടകയില്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി എല്ലാ അടവുകളും പയറ്റുന്നകാഴ്ചയാണ് പ്രാചരണത്തില്‍ കാണുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് വ്യാജസര്‍വെ പ്രചരണത്തെ വിലയിരുത്തുന്നത്.

DONT MISS
Top