നീറ്റ് പരീക്ഷയില്‍ പിണറായി വിജയന് ഫുള്‍ മാര്‍ക്ക്, കേരള സര്‍ക്കാര്‍ ഇടപെടലിനെ വാനോളം പുകഴ്ത്തി തമിഴകം

പിണറായി വിജയന്‍ (ഫയല്‍)

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയില്‍ കേരളത്തിലെത്തിയവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും അഭിനന്ദന പ്രവാഹം. വാട്‌സാപ്പ് സന്ദേശങ്ങളിലൂടെയും മൊബൈല്‍ എസ്എംഎസുകളിലൂടെയുമാണ് സംസ്ഥാനത്ത് നിന്ന് പരീക്ഷ എഴുതിപോയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും നന്ദി അറിയിച്ചത്.

കേരള സര്‍ക്കാര്‍ ചെയ്ത് തന്ന എല്ലാ സഹായങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ എല്ലാ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും കടപ്പെട്ടിരിക്കുന്നുവെന്നും തങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, എന്നിങ്ങനെയാണ് ലഭിക്കുന്ന സന്ദേശങ്ങള്‍.

മെയ് ആറിലെ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റഷനുകളിലും ബസ് സ്റ്റാന്റുകളിലും ആവശ്യമായ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസ് മേധാവികള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പരീക്ഷ കേന്ദ്രങ്ങളിലെത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയെല്ലാം ഹെല്‍പ്പ് ഡെസ്‌കില്‍നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായിരുന്നു. ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ നിന്നും ലഭിച്ച നമ്പറുകളിലേക്കാണ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ എത്തുന്നത്.

തമിഴ്‌നാട്ടില്‍നിന്ന് അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് കേരളം, കര്‍ണാടക, തുടങ്ങിയ  സംസ്ഥാനങ്ങളിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്. നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച കളക്ടര്‍മാരെയും ജില്ലാ പൊലീസ് മേധാവികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

DONT MISS
Top