നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്

സിദ്ധരാമയ്യ

ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി കര്‍ണാടക അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ എന്നിവര്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് വക്കീല്‍ നോട്ടീസ്.

ആരോപണം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. പ്രചാരണവേളയില്‍ തനിക്കെതിരെ അടിസ്ഥാനരഹിതവും തെറ്റായതുമായ അഴിമതി ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നു.

ഇലക്ട്രോണിക്, പത്ര, സോഷ്യല്‍ മാധ്യമങ്ങളിലൂടെ എത്രയും വേഗം ആരോപണങ്ങള്‍ പിന്‍വലിച്ച് നിരുപാധികം ക്ഷമപറയണം. നോട്ടീസില്‍ പറയുന്നു.

കര്‍ണാടകയില്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ നരേന്ദ്ര മോദി സിദ്ധ റുപ്പയ സര്‍ക്കാര്‍ എന്ന് പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അഴിമതിയുടെ കേന്ദ്രം കര്‍ണാടകം ആണെന്നുംമോദി ആരോപിച്ചിരുന്നു. അമിത് ഷാ, യെദ്യൂരപ്പ എന്നിവരും സിദ്ധരാമയ്യയ്‌ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

DONT MISS
Top