മാര്‍ക്‌സ് എങ്ങനെയാണ് ഓരോ ജീവിതത്തിലേക്കും കടന്ന് വന്നത്?

മാര്‍ക്‌സിനെ പിന്‍തലമുറയിലെ പലരും പലവിധത്തിലാണ് പരിചയപ്പെടുന്നത്. പലരും അദ്ദേഹത്തേ നേരിട്ടു വായിക്കാതെ തന്നെ മാര്‍ക്‌സിനെ തങ്ങളുടെ രാഷ്ട്രീയ മാര്‍ഗദര്‍ശിയായി മനസാവരിക്കുന്നു. ചിലര്‍ കേട്ടറിഞ്ഞോ സ്റ്റഡിക്ലാസ്സിലെ പ്രസംഗങ്ങളില്‍ നിന്നോ മനസ്സിലാക്കുന്നു. അധികം പേരും അദ്ദേഹത്തിന്റെ പ്രമാണങ്ങള്‍ സ്വന്തം ജീവിതാനുഭവത്തിലൂടെ പൊതുവേ ശരിയെന്ന് കണ്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെന്ന അദ്ദേഹത്തിന്റെ അതിസരളമായ ലഘുലേഖ പോലും വായിക്കാന്‍ മിനക്കെടാതെ തനിക്ക് സ്വീകാര്യമായ ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലോ പാര്‍ട്ടി നയിക്കുന്ന നിരവധി തൊഴിലാളി ബഹുജന സംഘടനകളിലോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ഇന്നത്തെ ഒരു മലയാളിക്ക് നന്നേ ചെറുപ്പത്തിലെ കാറല്‍ മാര്‍ക്‌സിനെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ തത്വശാസ്ത്രം പിന്‍പറ്റി ജീവിക്കാനുമുള്ള അവസരങ്ങള്‍ നിരവധിയാണ്. വീട്ടിലും സ്‌കൂളിലും ഒരു പ്രഖ്യാപിത മാര്‍ക്‌സ് അനുഭാവി ഇല്ലാതിരിക്കുക വിഷമമാണ്. അച്ഛനും അമ്മയുമല്ലെങ്കില്‍ ഒരു അകന്ന പാപ്പന്‍, ഇച്ചായന്‍, അമ്മാവന്‍, ഇളയപ്പന്‍, അമ്മായി, അടുപ്പമുള്ള അദ്ധ്യാപകന്‍, വായനശാല നടത്തിപ്പുകാരന്‍ അങ്ങനെ ആരെങ്കിലും. മാര്‍ക്‌സില്ലാതെ സാമൂഹിക പാഠപുസ്തകം വിഷമമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേയും അതുവഴി മാര്‍ക്‌സിനേയും അറിയാതെ കേരളത്തില്‍ ആണായാലും പെണ്ണായാലും പ്രായപൂര്‍ത്തിയാകാനാവില്ല.

ആരംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്നും ഒരു മാര്‍ക്‌സ് വിദ്യാര്‍ത്ഥിയെന്ന് സ്വയം കരുതുന്ന ഞാന്‍ എങ്ങനെയാണ് ഈ ജര്‍മന്‍ താടിക്കാരന്‍ വിപ്ലവ അദ്ധ്യാപകനെയും സംഘാടകനെയും ചിന്തകനെയും കണ്ടുമുട്ടിയത് ? പതുക്കെ പതുക്കെ അദ്ദേഹത്തില്‍ ആകൃഷ്ടനായത് ? അദ്ദേഹത്തെ വായിക്കാന്‍ ശ്രമിച്ചുതുടങ്ങിയത് ? അദ്ദേഹത്തെ അല്‍പമെങ്കിലും മനസ്സിലാക്കാന്‍ തുടങ്ങിയത് ? മാര്‍കസിന്റെ 200-ാം പിറന്നാള്‍ വര്‍ഷം ലോകം കൃതജ്ഞതാപൂര്‍വ്വം ആഘോഷിക്കുമ്പോള്‍, ആദ്യനോട്ടത്തിലേഎനിക്ക് അദ്ദേഹത്തില്‍ ജനിച്ച പ്രേമം ജീവിതത്തിന്റെ പോക്കുവെയിലില്‍ ഓര്‍ത്തെടുക്കാനുള്ള ദുര്‍ബല പരിശ്രമമാണ് ഇനിയങ്ങോട്ടുള്ള കുറച്ചു വരികള്‍.

ഓര്‍മ്മകള്‍ തിരിച്ചുപിടിക്കുമ്പോള്‍ ഒരപകടം സംഭവിക്കാം. നമ്മുടെ ഇന്നത്തെ ആവേശങ്ങള്‍ നമ്മളറിയാതെ നമ്മുടെ വിദൂര ഇന്നലകളെ നിറം പിടിപ്പിക്കാം. എന്റെയീ വീണ്ടെടുക്കലില്‍ അതെത്രകണ്ട് ഉണ്ടെന്ന് എനിക്കുതന്നെ അറിയില്ല. പക്ഷേ ഒരുകാര്യം കൃത്യമാണ്. മാര്‍ക്‌സ് മനസ്സില്‍ ഇടംപിടിക്കുന്നതിന് വളരെ നേരെത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അവിടെ താമസമാക്കിയിരുന്നു. കാരണം എന്റെ ചെറുബാല്യത്തിലെ കൊടുങ്ങല്ലൂരിലെ അച്ഛന്റെ കുടുംബാന്തരീക്ഷത്തില്‍ കമ്മ്യൂണിസ്റ്റ് സഹനം നിറഞ്ഞുനിന്നിരുന്നു.

ഞാന്‍ പിറന്ന 1950 മുതല്‍ 59 ലെ വിമോചനസമരം വരെയുള്ള മലയാളനാടിന്റെ വായുവില്‍ കമ്മ്യൂണിസമുണ്ടായിരുന്നു. അതിലുപരി അക്കാലത്ത് കൊച്ചിപ്രദേശത്തെ ഒരു സജീവ തൊഴിലാളി സംഘാടകനായിരുന്ന എന്റെ കുഞ്ഞച്ഛനോടുള്ള സ്‌നേഹവും ബഹുമാനവും മൂലം എന്റെ അച്ഛന്റെ വീട്ടില്‍ അമ്മുമ്മ മുതല്‍ താഴോട്ടെല്ലാവരും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നു. ആ വീട്ടിലെ ചുവരിലെ ലെനിന്‍, സ്റ്റാലിന്‍ ചിത്രങ്ങളിലൂടെയും അവിടുത്തെ പുസ്തകഅലമാരയിലെ വിപ്ലവപ്പാട്ട് പുസ്തകങ്ങളിലൂടെയും കമ്മ്യൂണിസ്റ്റ് ലഘുലേഖകളിലൂടെയുമാകണം കാറല്‍ മാര്‍ക്‌സ് എന്നില്‍ ഒരു അദൃശ്യ പ്രഭാവമായിത്തീര്‍ന്നത്.

മാര്‍ക്‌സിനെക്കുറിച്ച് ഞാന്‍ ആദ്യമായി എന്തെങ്കിലും വായിക്കുന്നത് ഞാന്‍ തിരുവനന്തപുരത്ത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. സ്‌കൂളിലെ ഏതോ മത്സരത്തില്‍ ജയിച്ചതിന് കിട്ടിയ സമ്മാനങ്ങളില്‍ നെഹ്‌റുവിന്റെ ഇംഗ്ലീഷിലെ ആത്മകഥയുണ്ടായിരുന്നു. അതില്‍ മാര്‍ക്‌സിസവും സോവിയറ്റ് വിപ്ലവവും ലെനിനും ഉണ്ടായിരുന്നു. അച്ഛന്റെ പ്രേരണയാലും സഹായം കൊണ്ടും ചരിത്രവും കമ്മ്യൂണിസ്റ്റ് വിപ്ലവവും എന്റെ പ്രിയപ്പെട്ട ചിന്താവിഷയവും പതുക്കെ പതുക്കെ രഹസ്യ ആവേശവും ഒടുവിലൊടുവില്‍ എന്റെ പരസ്യമായ രാഷ്ട്രീയവുമായി.

ഭാഗ്യമെന്ന് പറയട്ടെ, ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴുണ്ടായ അച്ഛന്റെ അകാലമരണം വായനയിലും രാഷ്ട്രീയത്തിലുമുള്ള എന്റെ ഉല്‍ക്കടമായ ആവേശത്തെ തളര്‍ത്തിയില്ല. ചെറുപ്പത്തിലെ വിധവയായ എന്റെ അമ്മയ്ക്ക് ഒരുപാട് മനോവിഷമവും ആശങ്കയും സമ്മാനിച്ചുകൊണ്ടാണെങ്കിലും കോളെജില്‍ ചേര്‍ന്നത് മുതല്‍ അതു ചെറിയതോതിലുള്ള വിദ്യാര്‍ത്ഥി-രാഷ്ട്രീയ പ്രവര്‍ത്തനത്തിലും എന്നെക്കൊണ്ടെത്തിച്ചു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മാര്‍ക്‌സിന്റെ കമ്മ്യൂണിസ്റ്റ് മനിഫെസ്‌റ്റോ ആദ്യമായി വായിച്ചത്. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.

ഒന്നാം വര്‍ഷം ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ ഏര്‍പ്പെട്ട മാവോകൃതികളുടെ തകൃതിയായ വായനപോലും അത്ഭുതകരമാംവണ്ണം എന്നെ തിരിച്ചെത്തിച്ചത് മാര്‍ക്‌സിലേക്കാണ്. മൂലധനത്തിന്റെ ഒന്നാം വാള്യം ക്ഷമാപൂര്‍വ്വം വായിച്ചത് 1968-70 കാലത്താണ്. വീണ്ടും ഭാഗ്യവശാല്‍, അപ്പോഴേക്കും മാര്‍ക്‌സിനെപ്പറ്റി ആദ്യം പറഞ്ഞുതന്ന അച്ഛന്റെ സ്ഥാനത്ത് എന്നെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും ഗുരുവായി ഒരു മാര്‍ക്‌സിയന്‍ പണ്ഡിതനായ പ്രൊഫസര്‍ വി അരവിന്ദാക്ഷനെത്തന്നെ എനിക്ക് ലഭിച്ചു. മാര്‍ക്സിന്റെ തന്നെ പദാവലിയുപയോഗിച്ച് പറയുകയാണെങ്കില്‍ എന്റെ ജീവചരിത്രഗതിയില്‍ ‘യാദൃശ്ചികത’യുടെ അത്യപൂര്‍വവും ആഹ്ലാദകരവുമായ മറ്റൊരു മിന്നലാട്ടം… അതിന്റെ വെളിച്ചത്തില്‍ മാര്‍ക്‌സ് എന്നില്‍ ഇന്നും ജീവിക്കുന്നു.

DONT MISS
Top