‘മോദി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ്, ഞാന്‍ മത്സരിക്കുന്നത് യെദ്യൂരപ്പയോടാണ്’; പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സിദ്ധരാമയ്യ

ബംഗളുരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ശേഷം ബിജെപി നേതാക്കളെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പരസ്യ സംവാദത്തിന് തയ്യാറാണോയെന്ന് സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. അടിസ്ഥാനരഹിതമായ പ്രസ്താവനകളിലൂടെ കര്‍ണ്ണാടകയിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപി നേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇല്ലാത്ത കാര്യം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണ്ണാടകയിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ മത്സരം അദ്ദേഹത്തോടല്ല, യെദ്യൂരപ്പയോടാണ്. ഒരേ വേദിയില്‍ ഒരു പരസ്യ സംവാദത്തിന് ഞാന്‍ യെദ്യൂരപ്പയെ വെല്ലുവിളിക്കുകയാണ്, സ്വീകരിക്കാന്‍ തയ്യാറാണോ? മോദിക്കും സ്വാഗതം, സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇരുമുന്നണികളും തമ്മിലുള്ള വാക്‌പോര് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.  കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ മോദി ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അഴിമതിയുടെ ടാങ്ക് കര്‍ണാടകത്തിലാണെന്നും ഇതിനെ പൈപ്പ് വഴി ദില്ലിയുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞ മോദി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ലേലം വിളിയിലൂടെയാണെന്നും ജനങ്ങളുടെ ഹൃദയവികാരങ്ങള്‍ മനസിലാക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, മോദി മാജിക്ക് കര്‍ണാടയകയില്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് സിദ്ധരാമയ്യ തൊട്ടുപിന്നാലെ മറുപടി നല്‍കി. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും ബഹുമാനിക്കാത്ത ആളാണ് മോദിയെന്നും മതത്തിന്റെ പേരില്‍ ജനങ്ങളെ വര്‍ഗീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. യുവാക്കളോട് പക്കോട വില്‍ക്കാന്‍ പറയുന്നതിന് പകരം എന്തുകൊണ്ട് നിങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ലെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി ചോദിച്ചു. മെയ് 12 നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

DONT MISS
Top