അഫ്ഗാന്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി; നിരവധി പേര്‍ക്ക് പരുക്ക്‌

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഖോസ്തി പ്രവിശ്യയിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. പള്ളിയില്‍ പ്രാര്‍ത്ഥനക്കായെത്തിയ വിശ്വാസികളാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ഒക്ടോബറില്‍ അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വോട്ടര്‍ രജിസ്‌ട്രേഷന് വേണ്ടി ഉപയോഗിച്ച് വരുന്ന ആരാധനാലയത്തില്‍ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‌ലാമിക് സ്റ്റേറ്റാണ് പിന്നിലെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് സ്‌ഫോടനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഏപ്രില്‍ 22 ന് കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററിലുണ്ടായ ചാവേറാക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിന്നീട് ഐഎസ് രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് താലിബാനും നേരത്തെ ജനങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ നടന്ന സ്‌ഫോടനം ചാവേറാക്രമണമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വളരെ ആസൂത്രിതമായി പള്ളിയില്‍ ബോംബ് വെച്ചതാകാമെന്നും പൊലീസ് പറഞ്ഞു.

DONT MISS
Top