കര്‍ണ്ണാടകയില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്ന് സിദ്ധരാമയ്യ

സിദ്ധരാമയ്യ

ബംഗളുരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 12 നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

യെദ്യൂരപ്പയും കുമാരസ്വാമിയും പറയുന്നത് അവര്‍ അധികാരത്തില്‍ വരുമെന്നാണ്. എന്നാല്‍ അവരുടെ ട്രാക്ക് റെക്കോഡ് പരിശോധിക്കുമ്പോള്‍ നിര്‍ണ്ണായകമായ പല മണ്ഡലങ്ങളിലും വിജയിക്കാനായില്ലെന്ന് മനസ്സിലാകും. വന്‍ ഭൂരിപക്ഷത്തോടെ തന്നെ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും, സിദ്ധരാമയ്യ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ സമയമാകുമ്പോഴുള്ള ആദായനികുതി റെയ്ഡ് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും, ഇതിന് പിന്നില്‍ അമിത് ഷായും മോദിയുമാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു സിദ്ധരാമയ്യ. കോണ്‍ഗ്രസ് ഭരണകാലത്ത് തങ്ങളെ കഷ്ടപ്പെടുത്തിയതിന് ജനങ്ങള്‍ അവര്‍ക്ക് ഈ തെരഞ്ഞെടുപ്പിലൂടെ മറുപടി കൊടുക്കുമെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിനെ ആര്‍ക്കെങ്കിലും പരാജയപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ അത് ബിജെപിക്കാണെന്നും തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഉടന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനെ അവര്‍ പഴിക്കാന്‍ തുടങ്ങുമെന്നും മോദി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം.

DONT MISS
Top