ആല്‍ബര്‍ട്ട് റോക്ക ബംഗളുരു എഫ്‌സി വിടുന്നതായി റിപ്പോര്‍ട്ട്

ആല്‍ബര്‍ട്ട് റോക്ക

ബംഗളുരു: ബംഗളുരു എഫ്‌സിയുടെ മുഖ്യ പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ട്. മെയ് 31 ന് ബംഗളുരുവായുള്ള റോക്കയുടെ കരാര്‍ അവസാനിക്കുന്നതോടെ സ്‌പെയിനിലേക്ക് തിരിച്ചുപോകുമെന്നാണ് സൂചന.

സ്പാനിഷ് പ്രതിരോധ താരമായിരുന്ന ആല്‍ബര്‍ട്ട് റോക്ക 2016 ജൂലൈയിലാണ് ബംഗളുരു എഫ്‌സിയുടെ മുഖ്യപരിശീലകനായി ചുമതലയേല്‍ക്കുന്നത്. റോക്കയുടെ ശിഷ്യണത്തിലാണ് ബംഗളുരു എഎഫ്‌സി കപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബായതും. 2016-17 സീസണില്‍ ഫെഡറേഷന്‍ കപ്പും റോക്കയുടെ കുട്ടികള്‍ സ്വന്തമാക്കി. ഐഎസ്എല്‍ കിരീടം കൈവിട്ടെങ്കിലും ആധികാരിക ജയത്തോടെ ടീം സൂപ്പര്‍കപ്പ് സ്വന്തമാക്കിയപ്പോള്‍ റോക്ക എന്ന പരിശീലകന്റെ മികവ് വ്യക്തമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിക്കാനിരിക്കെ ക്ലബ്ബുമായുള്ള കരാര്‍ റോക്ക പുതുക്കിയിട്ടില്ലെന്നതാണ് ഇപ്പോഴത്തെ അഭ്യൂഹങ്ങള്‍ക്ക് കാരണം. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ സീസണ്‍ അവസാനത്തോടെ റോക്ക സ്‌പെയിനിലേക്ക് തിരിച്ചുപോകും. കുടുംബത്തിന് മുന്‍ഗണന കൊടുക്കുന്നതിനാലാണ് കരാര്‍ പുതുക്കാത്തതെന്നും, ഏറെ നാള്‍ കുടുംബത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. രണ്ട് വര്‍ഷത്തില്‍ ആകെ രണ്ട് തവണ മാത്രമാണ് അദ്ദേഹം വീട്ടിലേക്ക് പോയത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന ഫുട്‌ബോള്‍ പരിശീലകനാണ് റോക്ക.

DONT MISS
Top