യുവകവി ജിനേഷ് മടപ്പള്ളി ജോലിചെയ്യുന്ന സ്‌കൂളില്‍ ജീവനൊടുക്കിയ നിലയില്‍

ജിനേഷ് മടപ്പളളി

വടകര: യുവകവി ജിനേഷ് മടപ്പളളി ആത്മഹത്യ ചെയ്ത നിലയില്‍. ജോലിചെയ്യുന്ന വടകര ഒഞ്ചിയം യുപി സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. രാത്രി പതിനൊന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. 35 വയസ്സായിരുന്നു. ഒഞ്ചിയം യുപി സ്‌കൂളില്‍ പ്യൂണ്‍ ആണ്. സ്‌കൂളിലെ കോണിപ്പടിക്ക് മുകളിലെ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജിനേഷിന്റെ അമ്മ രണ്ടാഴ്ച്ച മുമ്പാണ് നിര്യാതയായത്. വടകര രയരങ്ങോത്ത് സുകൂട്ടിയാണ് പിതാവ്.

അരക്ഷിതമായ തന്റെ യൗവ്വനത്തിന്റെ മുറിവുകളെയും അമര്‍ത്തിയ നിലവിളികളെയും ഉടഞ്ഞുചിതറിയ ഒരാള്‍ക്കണ്ണാടിയുടെ ചീളുകള്‍ പോലെ കവിതകളില്‍ വിന്യസിച്ച കവിയായിരുന്നു ജിനേഷ് മടപ്പള്ളി. പല കവിതകളിലും ആത്മഹത്യ തന്നെ പ്രധാന വിഷയമായിരുന്നു. 2009ല്‍ പുറത്തിറങ്ങിയ കച്ചിത്തുരുമ്പാണ് ആദ്യ കവിതാസമാഹാരം. ഏറ്റവും പ്രിയപ്പെട്ട അവയവം, രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍ തുടങ്ങിയവയാണ് മറ്റു കവിതാസമാഹാരങ്ങള്‍. നിരവധി കവിതാപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1982 ല്‍ കോഴിക്കോട് ജില്ലയിലെ കെടി ബസാറില്‍ ജനിച്ച ജിനേഷ് ഊരാളുങ്കല്‍ വിവി എല്‍പി സ്‌കൂള്‍, ജിവിഎച്ച്എസ്എസ് മടപ്പള്ളി, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, മടപ്പള്ളി ഗവണ്‍മെന്റ് കോളെജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടി.

DONT MISS
Top