ചരിത്രം വഴിമാറി, അവഞ്ചേഴ്‌സ് എത്തിയപ്പോള്‍; ആഗോള ബോക്‌സോഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്‍ഫിനിറ്റി വാര്‍

ഇന്‍ഫിനിറ്റി വാര്‍ കുതിക്കുകയാണ്. റിലീസ് കഴിഞ്ഞിട്ട് പത്തുദിവസത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളര്‍ കളക്ഷനാണ് ചിത്രം നേടിയത്. അതായത് 6700 കോടി രൂപയോളം! ഇത് എക്കാലത്തേയും റെക്കോര്‍ഡാണ്. 12 ദിവസം കൊണ്ട് ഒരു ബില്യണ്‍ ഡോളര്‍ വാരിയ സ്റ്റാര്‍ വാര്‍സ്: ദി ഫോഴ്‌സ് അവേക്കന്‍സാണ് ഇന്‍ഫിനിറ്റിവാറിന്റെ തൊട്ടുപിന്നിലുള്ളത്. ഇത്തരത്തിലുള്ള കളക്ഷന്‍ തുടര്‍ന്നാല്‍ ഹോളിവുഡ് ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ അവഞ്ചേഴ്‌സിന് മുന്നില്‍ തകരും.

അവഞ്ചര്‍ പരമ്പരയിലെ ഏറ്റവും മികച്ച ചിത്രം എന്ന് ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്ന ഇന്‍ഫിനിറ്റിവാര്‍ ഇത്തവണ ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം വൈകാരികമായ സാഹചര്യങ്ങളേയും മികവോടെ അവതരിപ്പിച്ചിരിക്കുന്നു. താനോസ് എന്ന കരുത്തനായ വില്ലനെ നേരിടാന്‍ സര്‍വമാന സൂപ്പര്‍ഹീറോകളും ഒരുമിച്ചിട്ടും സാധിക്കാതെ വരുമ്പോള്‍ എന്തും സംഭവിക്കാം എന്ന അവസ്ഥയില്‍ പ്രേക്ഷകരെത്തുന്നു. വില്ലനോ അതോ നായകനോ എന്ന സന്ദേഹം പ്രേക്ഷകരിലവശേഷിപ്പിച്ച് താനോസ് കളംനിറഞ്ഞാടുകയാണ്.തികച്ചും വ്യത്യസ്തമായതും, എന്നാല്‍ ഗംഭീരമായൊരു നാലാം ഭാഗത്തിനുള്ള വഴിയും തുറന്നിടുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.

ലോകത്ത് ഇതുവരെയിറങ്ങിയ സിനിമകളില്‍ ചെലവിന്റെ കാര്യത്തില്‍ മൂന്നാമതാണ് ഇന്‍ഫിനിറ്റി വാര്‍. ഒന്നാം സ്ഥാനത്ത് പൈറേറ്റ്‌സ് ഓഫ് കരീബിയന്‍: ഓണ്‍ സ്‌ട്രെയ്ഞ്ചര്‍ ടൈഡ്‌സ് എന്ന ചിത്രമാണ്. രണ്ടാം സ്ഥാനത്ത് അവഞ്ചേഴ്‌സിന്റെ തന്നെ ഏജ് ഓഫ് അള്‍ട്രോണ്‍ എന്ന ചിത്രവും നില്‍ക്കുന്നു. ഇന്‍ഫിനിറ്റി വാറും ജസ്റ്റിസ് ലീഗും പൈറേറ്റ്‌സ് ഓഫ് കരീബിയന്‍: വേള്‍ഡ് എന്‍ഡുമാണ് നിര്‍മാണ ചെലവില്‍ മൂന്നാം സ്ഥാനത്ത്.

DONT MISS
Top