എഎഫ്‌സി ഏഷ്യാകപ്പ്: ഇന്ത്യന്‍ ടീമില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ബൂട്ടിയയും കോണ്‍സ്റ്റന്റൈനും

ഇന്ത്യന്‍ ടീം(ഫയല്‍ ചിത്രം)

ദുബായ്: 2019 എഎഫ്‌സി ഏഷ്യാകപ്പില്‍ ഇന്ത്യ നോക്കൗട്ടില്‍ കടക്കുമെന്ന് മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. ദുബായില്‍ എഷ്യാകപ്പ് ഗ്രൂപ്പ് നിര്‍ണയത്തിനുശേഷം സംസാരിക്കുകയായിരുന്നു കോണ്‍സ്റ്റന്റൈന്‍. യുഎഎഇയില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ആതിഥേയരോടൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ബഹ്‌റൈന്‍, തായ്‌ലാന്‍ഡ്, തുടങ്ങിയവയാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകള്‍.

‘ഗ്രൂപ്പ് ഘട്ടം മറികടന്ന് നോക്കൗട്ടിലെത്താനുള്ള കഴിവ് നിലവിലെ ഇന്ത്യന്‍ ടീമിനുണ്ട്. ഒരിക്കലും ഇത് എളുപ്പമുള്ള ഗ്രൂപ്പാണെന്ന് ഞാന്‍ പറയില്ല, പക്ഷെ ചില ടീമുകളെ തോല്‍പ്പിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. ടൂര്‍ണമെന്റിന് ഇറങ്ങുന്നതിന് മുന്‍പ് ഓരോ ടീമിനെയും നേരിടാന്‍ സജ്ജരായിരിക്കണം,’ അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യക്ക് അനായാസം നോക്കൗട്ടിലെത്താമെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബൈച്ചുംങ് ബൂട്ടിയ അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് നറുക്കെടുപ്പില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പില്‍ അത്രകണ്ട് ശക്തരായ എതിരാളികളില്ലെന്നും ബൂട്ടിയ പറഞ്ഞു.

‘നമുക്ക് ലഭിച്ച ഗ്രൂപ്പില്‍ ഞാന്‍ സന്തോഷവാനാണ്. ഏഷ്യന്‍ ഫുട്‌ബോളിലെ ശക്തികളായ ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഇറാന്‍, ഇറാഖ് എന്നിവരോടൊപ്പം ഉള്‍പ്പെട്ടില്ല എന്നത് നല്ല കാര്യമാണ്. 2011 ഏഷ്യാകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ ഗ്രൂപ്പ് വളരെ നല്ലതാണ്,’ മുന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

2011 ല്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ബഹ്‌റൈന്‍ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ദയനീയ തോല്‍വിയായിരുന്നു ഇന്ത്യന്‍ ടീമിന് നേരിടേണ്ടി വന്നത്. അന്ന് ബൂട്ടിയയോടൊപ്പം ടീമിലുണ്ടായിരുന്ന സുനില്‍ ഛേത്രി ഇന്ന് ടീമിനൊപ്പമുണ്ട്. ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് ടൂര്‍ണമെന്റ്.

DONT MISS
Top