ചരിത്രനിര്‍മ്മിതികളുടെ പരിരക്ഷ ഉറപ്പാക്കും ; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി

കാസര്‍ഗോഡ് : ചരിത്രസൂക്ഷിപ്പുകള്‍ ഭാവിചരിത്രത്തിന് കൈമാറാനുളളതാണെന്നും അത് അര്‍ഹമായ രീതിയില്‍ പരിരക്ഷിച്ച് കൈമാറേണ്ടത് നമ്മുടെ കടമയാണെന്നും തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പറഞ്ഞു.

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ശാസ്ത്രീയസംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പൊവ്വല്‍ കോട്ടയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രസൂക്ഷിപ്പുകളുടെ കാര്യത്തില്‍ നമ്മുടെ മനോഭാവം മാറേണ്ടതുണ്ട്. ചൊവ്വയിലും ചന്ദ്രനിലും എത്തിനില്‍ക്കുന്ന നമ്മുടെ ഭൗതിക പുരോഗതി വളര്‍ച്ചയുടെ ഘട്ടങ്ങള്‍ നമുക്ക് മനസിലാക്കുവാന്‍ ഉതകുന്നതാകണം. ജില്ലയിലെ ചന്ദ്രഗിരി, ഹോസ്ദുര്‍ഗ്, ആരിക്കാടി കോട്ടകള്‍ സര്‍ക്കാര്‍ സംരക്ഷിക്കും. പുരാവസ്തു വകുപ്പ് ചരിത്രത്തിലേക്ക് മനുഷ്യനെ ഉണര്‍ത്തിവിടുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എപി ഉഷ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ശ്രീധരന്‍, മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാഗോപാലന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നബീസ മുഹമ്മദ്കുഞ്ഞി, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ജെ റജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെളളിപ്പാടി സ്വാഗതവും പുരാവസ്തു വകുപ്പ് എജ്യുക്കേഷന്‍ ഓഫീസര്‍ ടി കെ കരുണാദാസ് നന്ദിയും പറഞ്ഞു.

52 ലക്ഷം രൂപ ചെലവഴിച്ച്് പൊവ്വല്‍ കോട്ടയുടെ ഒന്നാംഘട്ട പ്രവൃത്തിയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോട്ട മതില്‍കെട്ടി സംരക്ഷിക്കുകയും തകര്‍ന്നുകിടന്ന കുളങ്ങളും കിണറുകളും സംരക്ഷിക്കുകയുമാണ് ഒന്നാം ഘട്ടത്തില്‍ ചെയ്തിരിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ സാമന്തന്മാരായിരുന്ന ഇക്കേരി നായ്ക്കരുടെ അധികാര പരിധിയിലുണ്ടായിരുന്ന കോട്ടയായിരുന്നു ഇത്.

DONT MISS
Top