ചെങ്ങന്നൂരില്‍ ആര്‍എസ്എസിന്റെ വോട്ടും സ്വീകരിക്കും: കാനം രാജേന്ദ്രന്‍

കൊല്ലം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസുകാര്‍ വോട്ട് ചെയ്താലും എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് ആരുടെയെങ്കിലും വോട്ട് വേണ്ടായെന്ന് പറയുകയെന്നും അദ്ദേഹം ചോദിച്ചു. ആര്‍എസ്എസിന്റെ വോട്ട് എല്‍ഡിഎഫിന് വേണ്ടെന്ന് കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് കാനത്തിന്റെ പ്രതികരണം.

കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്നതിനെ കുറിച്ച് എല്‍ഡിഎഫില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കേരളാ കോണ്‍ഗ്രസ് ഇല്ലാതെയാണ് കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയിച്ചതെന്നും കാനം പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസുകാര്‍ വോട്ട് ചെയ്താലും ഞങ്ങള്‍ സ്വീകരിക്കും. എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആര്‍എസ്എസുകാര്‍ക്ക് തോന്നുകയാണെങ്കില്‍ വേണ്ടെന്ന് ഞങ്ങള്‍ക്ക് പറയാന്‍ പറ്റുമോ. മുഴുവന്‍ വോട്ടര്‍മാരുടെയും വോട്ടുകള്‍ വേണമെന്നാണ് സിപിഐയുടെ അഭിപ്രായം. കാനം പറഞ്ഞു.

ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണ്ടെന്ന് വെക്കില്ലെന്നും ആര്‍എസ്എസ് ഒഴികെ ആരുടെയും വോട്ടുകള്‍ സ്വീകരിക്കും എന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കേരളാ കോണ്‍ഗ്രസും ബിഡിജെഎസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താല്‍ വേണ്ടെന്ന് പറയില്ല. എന്നാല്‍ ആര്‍എസ്എസിന്റെ വോട്ടുകള്‍ തങ്ങള്‍ക്ക് ആവശ്യമില്ല. ഇതായിരുന്നു കോടിയേരിയുടെ വാക്കുകള്‍.

DONT MISS
Top