‘മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു’; രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്

ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമയിലെ താരങ്ങളെ വിമര്‍ശിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നുവെന്ന്  സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പണ്ഡിറ്റിന്റെ രൂക്ഷ വിമര്‍ശനം.

തനിക്കായിരുന്നു ദേശീയ അവാര്‍ഡ്‌ കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത്‌ മെമ്പര്‍ തന്നാല്‍ പോലും താന്‍ സന്തോഷത്തോടെ പോയി വാങ്ങുമായിരുന്നു. ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ 11 അവാര്‍ഡ് ജേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചാല്‍ മതിയെന്ന തീരുമാനമായിരുന്നു പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. എല്ലാ പുരസ്‌കാരവും രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണ് ഇക്കൂട്ടര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

മലയാളത്തില്‍ നിന്ന് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ച കെജെ യേശുദാസ്, സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച ജയരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് ഇരുവരും അവസാനനിമിഷം വ്യക്തമാക്കുകയായിരുന്നു. നേരത്തെ വാര്‍ത്താവിതരണമന്ത്രാലയത്തിന് കൈമാറാനായി തയ്യാറാക്കിയ കത്തില്‍ ഇരുവരും ഒപ്പുവെച്ചിരുന്നു. ഇതിന് ശേഷമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും തീരുമാനിച്ചത്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം, 

എനിക്കായിരുന്നു ദേശീയ അവാര്‍ഡ്‌ കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത്‌ മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ….ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നത്.. 
(വാല്‍കഷ്ണം – ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു)

DONT MISS
Top