‘അവാര്‍ഡ് പരിപാടി ബഹിഷ്‌കരിച്ച നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാര്‍ക്ക് സലാം’; യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേയുള്ളൂവെന്നും സനല്‍കുമാര്‍ ശശിധരന്‍

സനല്‍കുമാര്‍ ശശിധരന്‍

കൊച്ചി: അവാര്‍ഡ് പരിപാടി ബഹിഷ്‌കരിച്ച നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാര്‍ക്ക് സലാം അര്‍പ്പിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്മൃതി ഇറാനി വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം പുരസ്‌കാര ജേതാക്കള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് സനല്‍കുമാറിന്റെ പ്രതികരണം. അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

നാഷണല്‍ ഫിലിം അവാര്‍ഡ് വിവേചനപരമായി നല്‍കാനുള്ള സ്മൃതി ഇറാനിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡ് പരിപാടി ബഹിഷ്‌കരിച്ച നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാര്‍ക്ക് ഒരു വലിയ സലാം. അന്ധമായ ഭരണകൂടത്തിന്റെ അനീതി നേരിട്ട സഹപ്രവര്‍ത്തകരോട് യാതൊരു കൂറും പുലര്‍ത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂ. അവരുടെ ചില്ലലമാരകളിലിരുന്ന് ഈ അവാര്‍ഡുകള്‍ അവരെയും അവരുടെ അവാര്‍ഡ് കൂമ്പാരങ്ങളെയും നിശ്ചയമായും ചോദ്യം ചെയ്യും. തൂക്കിവിറ്റാല്‍ ഒരുകിലോ അരിപോലും വാങ്ങാനുള്ള തുക കിട്ടാത്ത ലോഹക്കഷ്ണങ്ങളായി നിലപാടുകളില്ലാത്തവരുടെ അവാര്‍ഡുകള്‍ അധഃപതിക്കും, സനല്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top