‘ബ്ലാസ്റ്റേഴ്‌സ് എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു, ക്ലബ്ബ് വിടാന്‍ ഒരുശതമാനം പോലും സാധ്യതയില്ല’; എടികെയുടെ വമ്പന്‍ ഓഫര്‍ നിരസിച്ച് സന്ദേശ് ജിങ്കന്‍

സന്ദേശ് ജിങ്കന്‍

പനാജി: കേരള ബ്ലാസ്റ്റേഴ്‌സ്, ആരാധകര്‍ക്ക് മാത്രമല്ല കളിക്കാര്‍ക്കും ഒരു വികാരമാണെന്ന് തെളിയിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കന്‍. ക്ലബ്ബില്‍ തുടരാന്‍ എടികെയുടെ അഞ്ച് കോടി ഓഫറാണ് താരം വേണ്ടെന്ന് വെച്ചത്. ബ്ലാസ്‌റ്റേഴ്‌സുമായി മൂന്ന് വര്‍ഷത്തെ കരാറാണ് നിലവില്‍ ജിങ്കനുള്ളത്.

ജിങ്കനെ ടീമിലെത്തിക്കാന്‍ എടികെ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് താന്‍ എവിടേക്കും പോകുന്നില്ലെന്ന നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ജിങ്കന്റെ പ്രതികരണം. ജിങ്കനെത്തേടി നേരത്തെയും വന്‍ ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും വലിയൊരു ഓഫര്‍ എത്തുന്നത്.

ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല. എടികെയുടെ ഓഫറിനെ ഞാന്‍ അംഗീകരിക്കുന്നു, പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബ് എന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. അവിശ്വസനീയമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍. അവരുടെ സ്‌നേഹം എനിക്ക് വാക്കുകളാല്‍ പറഞ്ഞുതരാന്‍ കഴിയില്ല. ഇവിടെ നിന്ന് പോകാന്‍ ഒരു ശതമാനം പോലും സാധ്യതയില്ല, ജിങ്കന്‍ വ്യക്തമാക്കി.

മലയാളി താരമായ അനസ് എടത്തൊടികയുമായി ബ്ലാസ്‌റ്റേഴ്‌സ് കരാറിലെത്തിയതോടെയാണ് ജിങ്കന്‍ ടീം വിടുമെന്ന വാര്‍ത്തകള്‍ സജീവമായത്. ഇതിനിടയിലാണ് താരം തന്നെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രംഗത്തെത്തിയിരിക്കുന്നത്. 2014 ല്‍ ഇന്ത്യന്‍ പ്രീമീയര്‍ ലീഗിന്റെ പ്രാരംഭ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടായിരുന്ന ജിങ്കന്‍ മികച്ച പ്രകടനമാണ് ടീമിനായി പുറത്തെടുത്തിട്ടുള്ളതും. പ്രഥമ ഐഎസ്എല്‍ സീസണിലെ എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദ ലീഗ് അവാര്‍ഡും താരത്തിനായിരുന്നു.

DONT MISS
Top