അശോക് മിത്ര, അപൂര്‍വ പാരസ്പര്യത്തിന്റെ സൗന്ദര്യം

സിപിഐഎം പോലെ കേന്ദ്രീകൃത ജനാധിപത്യത്തിലധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ഒരു കേഡര്‍ പാര്‍ട്ടിയില്‍ തുറന്നുപറച്ചില്‍ ശീലമായുള്ള ഒരു ബുദ്ധിജീവിയുടെ സാധ്യതകളും പരിമിതികളുമാണ് സഖാവ് അശോക് മിത്രയുടെ ജീവിതം നമുക്ക് കാണിച്ചുതരുന്നത്. ഒപ്പം ഒരു അപൂര്‍വ പാരസ്പര്യത്തിന്റെ സൗന്ദര്യവും.

‘പാര്‍ട്ടിക്ക് കീഴ്‌പ്പെടുമ്പോഴും പാര്‍ട്ടിയെ തുറന്നു വിമര്‍ശിക്കുവാന്‍ അദ്ദേഹം മടിച്ചില്ല’ എന്ന് സഖാവ് പ്രഭാത് പട്‌നായിക്ക് എഴുതുന്നു. ഏതാണ്ടിതുതന്നെ സഖാവ് എംഎ ബേബിയും പ്രൊഫസര്‍ ജയതിഘോഷും പ്രശംസരൂപേണ പറയുമ്പോള്‍ അശോക് മിത്രയ്ക്ക് ഇതെങ്ങനെ കഴിഞ്ഞുവെന്നും ഈ ജാലവിദ്യയെന്തെന്നും നമ്മളില്‍ പലരും ആശ്ചര്യപ്പെടും.

സിപിഐഎം പോലെ സോവിയറ്റ് കാലഘട്ടത്തിലെ സംഘടനാ സംവിധാനം ഇന്നും പൊതുവില്‍ നിലനിര്‍ത്തിപ്പോരുന്ന ഒരു പാര്‍ട്ടിക്കുള്ളില്‍ ഒരു പരസ്യവിമര്‍ശകന് ഇടമുണ്ടോ? തന്റെ മനസാക്ഷിയും പാര്‍ട്ടി തീരുമാനവും തമ്മിലുള്ള
സംഘര്‍ഷം പുറത്തു പറയുന്ന നേതൃതലത്തിലുള്ള ഒരു സഖാവിനെ സങ്കല്‍പ്പിക്കാന്‍ കഴിയുമോ?

പാര്‍ട്ടി തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സ്വയം പറയുന്നതുവരെ, എത്ര വലിയ പണ്ഡിതനും ബുദ്ധിജീവിയുമായാലും പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് ഉറക്കെപ്പറയാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടി അതിന്റെയേറ്റവും പ്രിയപ്പെട്ട ബന്ധുവിനുപോലും നല്‍കിയ ചരിത്രമുണ്ടോ? പാര്‍ട്ടിയുമായി തുറന്ന് ഇണങ്ങിയും പിണങ്ങിയും പൊതുജീവിതം നയിക്കാന്‍ ഏതുകൊലകൊമ്പനായാലും പാര്‍ട്ടി അച്ചടക്കം അനുവദിക്കുമോ? അശോക് മിത്രയുടെ ശബളാഭവും സത്യസന്ധവും ചിന്താതീഷ്ണവുമായ പാര്‍ട്ടിജീവിതത്തില്‍ ഇതിനുള്ള ഉത്തരങ്ങളുണ്ടോ!?

1970 കളുടെ തുടക്കത്തിലാണ് സഖാവ് സിപിഐഎമ്മിനോട് രാഷ്ട്രീയമായി അടുക്കുന്നത്. ഏകദേശം 1977 മുതല്‍ 1997 വരെയാണ് അശോക് മിത്ര പാര്‍ട്ടിയംഗമായി പാര്‍ട്ടിക്ക് പൂര്‍ണമായി സംഘടനാപരമായി വിധേയനായി പ്രവര്‍ത്തിച്ചത്. പിന്നീട് മരണം വരെ അദ്ദേഹം പാര്‍ട്ടിയോടുള്ള ബന്ധത്തില്‍ ഒരേസമയം സ്വയാര്‍ജിതമായ അച്ചടക്കം നിലനിര്‍ത്തിക്കൊണ്ടും സ്വന്തം മനസാക്ഷിയെ വഞ്ചിക്കാതെയും സിപിഐഎമ്മിന്റെ സൗഹൃദപൂര്‍വമുള്ള വിമര്‍ശകനായി ജീവിച്ച് പ്രവര്‍ത്തിച്ച് മരിച്ചു. ഇതുപോലും എത്ര അത്യപൂര്‍വമായ സംഭവമാണെന്ന് പാര്‍ട്ടിയെ കുറച്ചെങ്കിലും ഉള്ളില്‍തട്ടി സ്‌നേഹിച്ചിട്ടുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും.

അപ്പോള്‍ എന്താണ് അശോക് മിത്ര-സിപിഐഎം സവിശേഷ ബന്ധത്തിന്റെ രഹസ്യം? എന്റെ പരിമിതമായ അറിവില്‍ പരസ്പരം അകന്നപോഴും രണ്ടുപേരും ഏതെല്ലാമോ തലത്തില്‍ പരസ്പരം ഉള്ളുതുറന്ന് പെരുമാറിയിരുന്നു. പാര്‍ട്ടിയില്‍നിന്ന് തന്നേ മനസ്സിലാക്കുക എന്നതിനപ്പുറം സഖാവ് ഒന്നും ഒരിക്കലും ആവശ്യപ്പെട്ടില്ല. സഖാവിനെ നന്നായി മനസ്സിലാക്കിയ പാര്‍ട്ടി സഖാവിനെ സംഘടയുടെ ചട്ടകൂടില്‍ തളച്ചിടാനും ഒരിക്കലും ശ്രമിച്ചില്ല. ഇങ്ങനേയും ഊഷ്മളമായ ഒരു ബന്ധം സാധ്യമോ എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ട് എന്റെ ഈ വിഹ്വലമായ തുറന്ന അന്വേഷണം തത്കാലം ഇവിടെനിര്‍ത്തുന്നു. സഖാവ് അശോക്മിത്രക്ക് ഒരിക്കല്‍കൂടി ലാല്‍ സലാം…

DONT MISS
Top