വിവാദങ്ങള്‍ക്കിടെ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണം പുരോഗമിക്കുന്നു, 68 പേര്‍ വിട്ടുനില്‍ക്കുന്നു

ദില്ലി: വിവാദങ്ങള്‍ക്കിടെ അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവിതരണം ദില്ലിയില്‍ പുരോഗമിക്കുന്നു. എഴുപതോളം പുരസ്‌കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. 11 അവാര്‍ഡ് ജേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചാല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് ഭൂരിഭാഗം അവാര്‍ഡ് ജേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമായി ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. എല്ലാ പുരസ്‌കാരവും രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണ് ഇക്കൂട്ടര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

മലയാളത്തില്‍ നിന്ന് മികച്ച ഗായകനുള്ള പുരസ്കാരം ലഭിച്ച കെജെ യേശുദാസ്, സംവിധായകനുള്ള പുരസ്കാരം ലഭിച്ച ജയരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് ഇരുവരും അവസാനനിമിഷം വ്യക്തമാക്കുകയായിരുന്നു. നേരത്തെ വാര്‍ത്താവിതരണമന്ത്രാലയത്തിന് കൈമാറാനായി തയ്യാറാക്കിയ കത്തില്‍ ഇരുവരും ഒപ്പുവെച്ചിരുന്നു. ഇതിന് ശേഷമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും തീരുമാനിച്ചത്.

എന്നാല്‍ മറ്റ് അവാര്‍ഡ് ജേതാക്കള്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ച ഫഹദ് ഫാസില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ കേരളത്തിലേക്ക് തിരിച്ചു.

11 പുരസ്‌കാരങ്ങള്‍ രാഷ്ട്രപതിയും മറ്റുള്ളവ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനിയും വിതരണം ചെയ്യാനാണ് തീരുമാനം. ഇതാണ് ഒരു വിഭാഗം അവാര്‍ഡ് ജേതാക്കളുടെ പ്രതിഷേധത്തിലേക്ക് നയിച്ചത്. തങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കാട്ടി ഇവര്‍ ഒപ്പട്ട കത്ത് വാര്‍ത്താവിതരണ മന്ത്രാലയത്തിന് കൈമാറിയിരുന്നു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടായെങ്കിലും വിജയിച്ചില്ല.

ജേതാക്കള്‍ക്ക് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം അയച്ച ക്ഷണക്കത്തിലും രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ച നടന്ന റിഹേഴ്‌സലിനിടെയാണ് തീരുമാനം മാറ്റിയ വിവരം അവാര്‍ഡ് ജേതാക്കളെ അറിയിക്കുന്നത്. എന്നാല്‍ ഇത് മറ്റ് താരങ്ങള്‍ ചോദ്യം ചെയ്തു. തീരുമാനം മാറ്റിയത് എന്തുകൊണ്ടാണെന്നും രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്ന 11 പേരെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്നും വ്യക്തമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

DONT MISS
Top