ബിജെപിക്കെതിരായ കോണ്‍ഗ്രസ്-സിപിഐഎം കൂട്ടുകെട്ട് വീണ്ടും ക്ലിക്കായി; പാലക്കാട് നഗരസഭയില്‍ അവിശ്വാസപ്രമേയം പാസായി

പാലക്കാട് നഗരസഭ

പാലക്കാട്: പാലക്കാട് നഗരസഭയിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സ്റ്റാന്റിംഗ് കമ്മറ്റിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന മൂന്നാം അവിശ്വാസപ്രമേയം പാസായി. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റിക്കെതിരായ അവിശ്വാസപ്രമേയമാണ് ഇന്ന് പാസായത്. സിപിഐഎമ്മിന്റെ പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്. കോണ്‍ഗ്രസ് അവതരിപ്പിച്ച മൂന്ന് അവിശ്വാസപ്രമേയങ്ങളില്‍ രണ്ടാമത്തെ വിജയമാണിത്.

ബിജെപിക്ക് ഭരണമുള്ള കേരളത്തിലെ ഏക നഗരസഭയാണ് പാലക്കാട്. ബിജെപിയുടെ എം സുനിലാണ് ഇവിടെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍. പ്രമേയം പാസായതോടെ സുനില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്തായി.

നേരത്തെ ഏപ്രില്‍ 28 ന് മറ്റ് രണ്ട് സ്റ്റാന്റിംഗ് കമ്മറ്റികള്‍ക്കെതിരെയും കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. ഇതില്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റിക്കെതിരായ പ്രമേയം പരാജയപ്പെട്ടപ്പോള്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിക്കെതിരായ പ്രമേയം വിജയിച്ചു. സിപിഐഎമ്മിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റിക്കെതിരായ പ്രമേയം പരാജയപ്പെട്ടത്.

ഏപ്രില്‍ 28 ന് ആദ്യം ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെതിരായ അവിശ്വാസമായിരുന്നു പരിഗണിച്ചത്. എട്ടംഗങ്ങളുള്ള സ്റ്റാന്റിംഗ് കമ്മറ്റിയില്‍ ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് മൂന്ന് വീതവും സിപിഐഎമ്മിന് രണ്ടും അംഗങ്ങളാണുള്ളത്. അവിശ്വാസം പാസാകാന്‍ അഞ്ച് അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. എന്നാല്‍ ഒരു സിപിഐഎം അംഗത്തിന്റെ വോട്ട് അസാധുവായതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു.

ഒറ്റയ്ക്ക് അവിശ്വാസപ്രമേയങ്ങള്‍ വിജയിപ്പിക്കാനുള്ള അംഗബലം യുഡിഎഫിനില്ല. അതിനാലാണ് സിപിഐഎമ്മിന്റെ പിന്തുണ തേടിയത്. 52 അംഗ പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 24 അംഗങ്ങളാണുള്ളത്. യുഡിഎഫിന് 18 ഉം എല്‍ഡിഎഫിന് ഒന്‍പതും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒന്നും അംഗങ്ങളാണുള്ളത്.

DONT MISS
Top