‘ഇത് ദിനേശിന്റെ ശപഥം’, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാതെ ചെരിപ്പിടില്ലെന്ന് തീരുമാനിച്ച് ഒരു കടുത്ത ആരാധകന്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ദിനേശ്

ദില്ലി: ശപഥങ്ങളും പ്രതിജ്ഞകളും പുരാണങ്ങളിലുള്‍പ്പെടെ ധാരാളം കണ്ടും അറിഞ്ഞിട്ടുമുണ്ടാകാം. അവയില്‍ ചിലത് ചിലപ്പോള്‍ അവിശ്വസനീയമെന്നും തോന്നിപോകാം. തന്നെ തല്ലിയവനെ തിരിച്ചടിക്കാതെ ചെരിപ്പിടില്ലെന്ന് പറഞ്ഞ മഹേഷ് എന്ന യുവാവിനെ സിനിമയില്‍ കണ്ടപ്പോള്‍ ഒരുപക്ഷെ അതിശയിച്ച് പോയിട്ടുണ്ടാകും ഇതൊക്കെ ഒരു പ്രതികാരമാണോ എന്ന് ആലോചിച്ച്. സമാനമെന്ന് തോന്നിയേക്കാവുന്ന ഒരു പ്രതികാരത്തിന്റെയല്ല ശപഥത്തിന്റെ കഥയാണ് ദിനേശ് എന്ന ചെറുപ്പക്കാരന്‍ പറയുന്നത്.

യുവനേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടിയാണ് ഈ ശപഥം എന്ന് മാത്രം. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാതെ കാലില്‍ ചെരിപ്പിടില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ഹരിയാന സ്വദേശിയായ ദിനേശ് ശര്‍മ. രാഹുല്‍ ഗാന്ധിയുടെ കടുത്ത ആരാധകനാണ് ഈ ഇരുപത്തിമൂന്നുകാരന്‍. ആറ് വര്‍ഷത്തിലേറെയായി രാഹുലിന്റെ സന്തതസഹചാരിയാണ് ദിനേശെന്ന് പറയാം. രാഹുല്‍ പങ്കെടുക്കുന്ന എല്ലാ പ്രചരണ പരിപാടികളിലും ഇദ്ദേഹവുമുണ്ടാകും.

ദിനേശ് പ്രചരണപരിപാടിയ്ക്കൊപ്പം

”ആറ് വര്‍ഷത്തിലേറെയായി താന്‍ രാഹുല്‍ജിയുടെ ഒപ്പമുണ്ട്. അദ്ദേഹം എനിക്ക് ദൈവത്തെ പോലെയാണ്. ഒരു ദിവസം അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്. രാഹുല്‍ജിയ്ക്ക് വേണ്ടി താന്‍ ചെയ്യുന്നത് ഒരു ചെറിയ കാര്യമാണെന്നും അദ്ദേഹം പ്രധാനമന്ത്രിയാകുന്ന ദിവസം ചെരിപ്പിടുമെന്നും” ദിനേശ് ശര്‍മ പറയുന്നു. ആരാധനയില്‍ മാത്രമല്ല വേഷവിധാനത്തിലും രാഹുല്‍ ഗാന്ധി ആരാധകന്‍ തന്നെയാണ് ദിനേശ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി, പച്ചയും വെള്ളയും കുങ്കുമവും ഇടകലര്‍ന്ന പൈജാമ, കൈയില്‍ കോണ്‍ഗ്രസ് പതാക, എന്നിങ്ങനെയാണ് ദിനേശിന്റെ വേഷവിധാനം.


ഹരിയാനയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ദിനേശ് പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയിലെത്തുന്നത്. തന്റെ അച്ഛനില്‍നിന്ന് ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള കഥ കേട്ടറിഞ്ഞാണ് ദിനേശ് രാഹുല്‍ ആരാധകനാകുന്നത്. തന്റെ കടുത്ത ആരാധകന്റെ കഥ കേട്ടറിഞ്ഞ രാഹുല്‍ ഇദ്ദേഹത്തെ വസതിയിലേക്ക് വിളിച്ച് വരുത്തുകയും പ്രത്യേക വിരുന്ന് നല്‍കുകയും ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പ്രചരണ പരിപാടികളില്‍ പങ്കെടുക്കുമെങ്കിലും നിയമത്തില്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് ദിനേശ്. നിലവില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കര്‍ണാടകയിലുള്ള രാഹുലിന് പിന്തുണയുമായി ബംഗളൂരുവിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ് ദിനേശ്. കര്‍ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ രാഹുലിന്റെ 15 ദിവസത്തെ കൈലാസ യാത്രയ്‌ക്കൊപ്പവും ദിനേശ് അനുഗമിക്കുന്നുണ്ട്.

DONT MISS
Top