വിവരങ്ങള്‍ ചോര്‍ത്തി പാപ്പരായി; കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു

ലണ്ടന്‍: ഫെയ്‌സ്ബുക്ക് വഴി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവര ചോര്‍ച്ച നടത്തിയതിന് പ്രതിക്കൂട്ടിലായ വിവാദകമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. കമ്പനിയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍ തീരുമാനമെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വിവരചോര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കമ്പനിയുടെ ഉപയോക്താക്കളെയും മറ്റും ബാധിച്ചതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിന് വേണ്ടി ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയെ സമീപിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു. നിയമനടപടികള്‍ക്കായി  കേംബ്രിഡ്ജ് അനലിറ്റിക്ക ഹര്‍ജി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ നിര്‍ണായക സഹായം നല്‍കിയെന്ന ആരോപണം നേരിടുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ ബിജെപിയും കോണ്‍ഗ്രസും ഇവരെ സമീപിച്ചിരുന്നുവെന്നും വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.

അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗതവിവരം ചോര്‍ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ദുരുപയോഗിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ക്ഷമചോദിച്ചിരുന്നു. 50 ദശലക്ഷം യൂസര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

DONT MISS
Top