ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; 11 പേര്‍ക്ക് മാത്രം രാഷ്ട്രപതി സമ്മാനിക്കും, പ്രതിഷേധവുമായി ജേതാക്കള്‍

ദില്ലി: വിവാദങ്ങള്‍ക്കിടെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും മറ്റുള്ളവര്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും പുരസ്‌കാരം സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെ അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ചിലര്‍ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചു. ഇതേതുടര്‍ന്ന് പ്രതിഷേധം പരിഹരിക്കാനുള്ള നീക്കവുമായി സ്മൃതി ഇറാനി രംഗത്തെത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.  ഇന്ന് നാലിന് വിജ്ഞാന്‍ ഭവനിലാണ് ചടങ്ങ്.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം സമ്മാനിക്കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ചടങ്ങിന്റെ റിഹേഴ്‌സലിനെത്തിയപ്പോഴാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം അവാര്‍ഡ് ജേതാക്കള്‍ അറിയുന്നത്.

മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് സിനിമാ പ്രവര്‍ത്തകര്‍. ക്ഷണക്കത്തില്‍ പുരസ്‌കാരം വിതരണം ചെയ്യുന്നത് രാഷ്ട്രപതിയാണെന്ന് അറിയിച്ചിരുന്നുവെന്നും അവസാന നിമിഷത്തെ തീരുമാനം അംഗീകരിക്കാനാകില്ലെന്നുമാണ് ജേതാക്കള്‍ പറയുന്നു.

രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കുന്ന 11 പേരില്‍ കേരളത്തില്‍നിന്നും ജയരാജ്, ഗായകന്‍ കെജെ യേശുദാസ്, എന്നിവര്‍ മാത്രമാണുള്ളത്. വിനോദ് ഖന്നയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിയ്ക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍ തുടങ്ങിയവയാണ് രാഷ്ട്രപതി സമ്മാനിക്കുന്ന മറ്റ് പുരസ്‌കാരങ്ങള്‍.

DONT MISS
Top