‘ഇന്‍ഫിനിറ്റി വാര്‍’ കുതിപ്പ് തുടരുന്നു; നാല് ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്‌സോഫീസില്‍നിന്ന് വാരിയത് 100 കോടി

ആര്‍ക്കും തടയാനാകാതെ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ അശ്വമേധം തുടരുകയാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് മാത്രം ചിത്രം 100 കോടി നേടി. വെറും നാല് ദിവസം കൊണ്ടാണ് ഈ നേട്ടമെന്നത് ശ്രദ്ധേയം. ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിംഗില്‍ പോലും രണ്ട് ദിവസത്തേക്ക് ടിക്കറ്റ് ലഭിക്കാനില്ലാത്ത അവസ്ഥയാണ്. ഇതേ രീയില്‍ കുറച്ചുദിവസം കൂടി തുടര്‍ന്നാല്‍ ഇന്ത്യന്‍ സിനിമകളുടേതുള്‍പ്പെടെയുള്ള റെക്കോര്‍ഡുകള്‍ കടപുഴകിയേക്കാം.

അവഞ്ചര്‍ പരമ്പരയിലെ ഏറ്റവും മികച്ച ചിത്രം എന്ന് ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്ന ഇന്‍ഫിനിറ്റിവാര്‍ ഇത്തവണ ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം വൈകാരികമായ സാഹചര്യങ്ങളേയും മികവോടെ അവതരിപ്പിച്ചിരിക്കുന്നു. താനോസ് എന്ന കരുത്തനായ വില്ലനെ നേരിടാന്‍ സര്‍വമാന സൂപ്പര്‍ഹീറോകളും ഒരുമിച്ചിട്ടും സാധിക്കാതെ വരുമ്പോള്‍ എന്തും സംഭവിക്കാം എന്ന അവസ്ഥയില്‍ പ്രേക്ഷകരെത്തുന്നു. വില്ലനോ അതോ നായകനോ എന്ന സന്ദേഹം പ്രേക്ഷകരിലവശേഷിപ്പിച്ച് താനോസ് കളംനിറഞ്ഞാടുകയാണ്. തികച്ചും വ്യത്യസ്തമായതും, എന്നാല്‍ ഗംഭീരമായൊരു നാലാം ഭാഗത്തിനുള്ള വഴിയും തുറന്നിടുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.

ലോകത്ത് ഇതുവരെയിറങ്ങിയ സിനിമകളില്‍ ചെലവിന്റെ കാര്യത്തില്‍ മൂന്നാമതാണ് ഇന്‍ഫിനിറ്റി വാര്‍. ഒന്നാം സ്ഥാനത്ത് പൈറേറ്റ്‌സ് ഓഫ് കരീബിയന്‍: ഓണ്‍ സ്‌ട്രെയ്ഞ്ചര്‍ ടൈഡ്‌സ് എന്ന ചിത്രമാണ്. രണ്ടാം സ്ഥാനത്ത് അവഞ്ചേഴ്‌സിന്റെ തന്നെ ഏജ് ഓഫ് അള്‍ട്രോണ്‍ എന്ന ചിത്രവും നില്‍ക്കുന്നു. ഇന്‍ഫിനിറ്റി വാറും ജസ്റ്റിസ് ലീഗും പൈറേറ്റ്‌സ് ഓഫ് കരീബിയന്‍: വേള്‍ഡ് എന്‍ഡുമാണ് നിര്‍മാണ ചെലവില്‍ മൂന്നാം സ്ഥാനത്ത്.

DONT MISS
Top