ഡി ഗിയയെത്തേടി നാലാം തവണയും പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

ഡേവിഡ് ഡി ഗിയ

ലോകത്തിലെ തന്നെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ ഡേവിഡ് ഡി ഗിയയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഈ സീസണിലെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. ഇത് നാലാം തവണയാണ് താരം നേട്ടം കൈവരിക്കുന്നത്. നേരത്തെ 2014, 2015, 2016 വര്‍ഷങ്ങളിലും ഡി ഗിയയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തിരുന്നു.

‘എന്നെ സംബന്ധിച്ചിടത്തോളം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്താണെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ പറ്റുന്ന ഒന്നല്ല. ഈ ക്ലബ്ബിന് വേണ്ടിയും ഇവിടുത്തെ ആരാധകര്‍ക്ക് വേണ്ടിയും കളിക്കാന്‍ സാധിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്,’ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്പാനിഷ് താരം വ്യക്തമാക്കി.

‘തുടക്കം അല്‍പം പ്രയാസമേറിയതായിരുന്നു. പക്ഷെ ഞാന്‍ സ്വയം വിശ്വസിച്ചു, കഠിനമായി പരിശ്രമിച്ചു. ഇന്ന് ഞാന്‍ എന്നെയോര്‍ത്ത് അഭിമാനിക്കുന്നു. തീര്‍ച്ചയായും എല്ലാവരോടും നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്. ഒരിക്കല്‍ പോലും ഈ പുരസ്‌കാരത്തിന് അര്‍ഹനാകും എന്ന് കരുതിയതല്ല, പക്ഷെ നാല് തവണ അത് തന്നെത്തേടിയെത്തി,’ എല്ലാവര്‍ക്കും നന്ദി, ഡി ഗിയ പറഞ്ഞു.

യുണൈറ്റഡിന്റെ പ്ലയേഴ്‌സ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ഡി ഗിയ സ്വന്തമാക്കി. എല്ലാവരെയും സ്‌നേഹിക്കുന്നുവെന്നും, തന്റെ സഹകളിക്കാരില്‍ നിന്ന് ലഭിക്കുന്ന ഈ അവാര്‍ഡ് ഏറെ പ്രത്യേകതയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 2011 ലാണ് ഡി ഗിയ യുണൈറ്റഡിലെത്തുന്നത്. സീസണിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം നെമാന്‍ജ മാറ്റിച്ചും സ്വന്തമാക്കി.

DONT MISS
Top