ടൈഗര്‍ ബിസ്‌ക്കറ്റ്, ടൈഗര്‍ മാത്രം കഴിക്കുക; ട്വിറ്ററില്‍ തരംഗമായി ‘സേ ഇറ്റ് ലൈക് ബിപ്ലബ്‌’

ബിപ്ലബ് കുമാര്‍ ദേബ്‌

ദില്ലി: മെക്കാനിക്കലുകാരല്ല സിവില്‍ എഞ്ചിനിയറുമാരാണ് സിവില്‍ സര്‍വ്വീസിന് പോകേണ്ടതെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്വിറ്ററില്‍ തരംഗമായി ‘സേ ഇറ്റ് ലൈക് ബിപ്ലബ്’ ഹാഷ് ടാഗ്. അധികാരത്തില്‍ എത്തിയത് മുതല്‍ ബിപ്ലബിന്റെ മിക്ക പ്രസ്താവനകളും അബദ്ധമായിരുന്നു. ബിപ്ലബിന്റെ പ്രസ്താവനയെ പരിഹസിച്ച് നിരവധി ട്രോളുകളും പുറത്തിറങ്ങി.

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും സിവില്‍ സര്‍വ്വീസില്‍ മെക്കാനിക്കല്‍ എഞ്ചിനിയര്‍മാരല്ല സിവില്‍ എഞ്ചിനിയര്‍മാരാണ് പോകേണ്ടതെന്നും പറഞ്ഞ ബിപ്ലബ് യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്ക് പിറകെ പോകാതെ മുറുക്കാന്‍ കടയോ പാല്‍ വില്‍പ്പനയോ തുടങ്ങണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ബിപ്ലബിന്റെ ഇത്തരം പ്രസ്താവനകള്‍ വിവാദമായതിന് പിന്നാലെയാണ് ‘സേ ഇറ്റ് ലൈക് ബിപ്ലബ്’ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ തരംഗമാകുന്നത്.

ഗേറ്റ് കീപ്പര്‍മാര്‍ മാത്രം ഗേറ്റ് എക്‌സാം എഴുതുക, ഓട്ടോ മൊബൈല്‍ എഞ്ചിനിയര്‍മാര്‍ ഓട്ടോറിക്ഷ ഓടിക്കുക, സിങുകാര്‍ മാത്രം സിങറാകുക, ആപ്പിള്‍ ഗാഡ്‌ജെറ്റ് ഉള്ളവര്‍ മാത്രം ആപ്പിള്‍ കഴിക്കുക. തുടങ്ങി ഒട്ടേറെ പോസ്റ്റുകളാണ് സേ ഇറ്റ് ലൈക് ബിപ്ലബ് ഹാഷ് ടാഗില്‍ പ്രചരിക്കുന്നത്. അതേസമയം തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവരുടെ നഖം വെട്ടുമെന്നായിരുന്നു കഴിഞ്ഞ ദിവസം ബിപ്ലബിന്റെ പ്രതികരണം. ഇതിനെതിരെയും വ്യാപക ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

DONT MISS
Top