ബിപ്ലബും രൂപാനിയും പറഞ്ഞതില്‍ എന്താ ഇത്ര വലിയ കുഴപ്പം; മണ്ടത്തരങ്ങളെ ന്യായീകരിച്ച് ടിജി മോഹന്‍ദാസും കെ സുരേന്ദ്രനും

കെ സുരേന്ദ്രന്‍, ടിജി മോഹന്‍ദാസ് [ഫയല്‍]

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും മണ്ടത്തരങ്ങള്‍ കെട്ടടുങ്ങുന്നതിനിടയില്‍ അവരുടെ പ്രസ്താവനകള്‍ക്ക് പിന്തുണ നല്‍കിയും ആ ചോദ്യങ്ങള്‍ വീണ്ടും ഏറ്റെടുത്തും രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ്. ബിപ്ലബിന്റെ ചോദ്യങ്ങള്‍ അതേപടി ഏറ്റെടുത്തിരിക്കുകയാണ് മോഹന്‍ദാസ്.

നാരദമുനി വിജ്ഞാനത്തിന്റെ അക്ഷയഖനിയായിരുന്നു, ഗൂഗിള്‍ തോറ്റുപോകും എന്ന് പറഞ്ഞാല്‍ എന്താ ഇത്രവലിയ കുഴപ്പം എന്നിങ്ങനെ പോകുന്നു ടിജി മോഹന്‍ദാസിന്റെ ചോദ്യങ്ങള്‍. കൂടാതെ പിഎസ്‌സി വഴി മുപ്പത്തഞ്ചാം വയസ്സില്‍ ജോലി കിട്ടുന്നതുവരെ ഭൂമിയ്ക്ക് ഭാരമാകാതെ പശുവിനെ വളര്‍ത്താന്‍ പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും മോഹന്‍ദാസ് ചോദിക്കുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് രാജ്യം ഒന്നടങ്കം ചിരിച്ച പ്രസ്താവനകള്‍ക്ക് ടിജി മോഹന്‍ദാസ് പിന്തുണ നല്‍കിയത്.

മോഹന്‍ദാസിനെ കൂടാതെ കെ സുരേന്ദ്രനും ബിപ്ലബ് കുമാറിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ സുരേന്ദ്രന്‍ പിന്തുണ അറിയിച്ചത്. ”ത്രിപുരയിലെ ഭരണമാറ്റത്തില്‍ കമ്മികള്‍ക്കും കൊങ്ങികള്‍ക്കും ചൊറിയുന്നത് മനസ്സിലാക്കാം. എന്നാല്‍ തോളില്‍ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം. അല്ലെങ്കിലും ഇത്തരം മഹാന്‍മാര്‍ കരുതുന്നത് കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്ന്” സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്,

സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചു തലസ്ഥാനമായ അഗർത്തലയിൽ നടന്ന ചടങ്ങിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് പറഞ്ഞു.
”നേരത്തെ ആർട്ട് സ്ട്രീമിലെ ആളുകൾ ആരുന്നു സിവിൽ സർവീസിലേക്ക് കൂടുതല്‍ വന്നിരുന്നത്. ഇക്കാലത്ത് ഡോക്ടർമാരും എഞ്ചിനിയർമാരുമാണ് സിവിൽ സർവീസിലേക്ക് കൂടുതൽ വരുന്നത്.”
അത് കഴിഞ്ഞു തമാശ ചേർത്ത് ഒരു കാര്യം കൂടി പറഞ്ഞു.
”മെക്കാനിക്കൽ എഞ്ചിനിയർമാർ അത് കഴിഞ്ഞു സിവിൽ സർവീസ് തിരഞ്ഞെടുക്കുന്നത് ശരിയല്ല. എന്നാൽ സിവിൽ എഞ്ചിനീയർമാർക്ക് ആവാം. 
അവർക്കു ബിൽഡിങ് കെട്ടി പരിചയമുണ്ട്.
സൊസൈറ്റി ബിൽഡ് അപ്പ് ചെയ്യാൻ അവരുടെ ഈ പരിചയം ഉപകരിക്കും”
അതെങ്ങിനെ എന്നും കൂടി ഉണ്ട്..
”സിവിൽ എഞ്ചിനീയർ ഒരു കെട്ടിടം ഉണ്ടാക്കുന്ന പോലെയാണ് അഡ്മിനിസ്ട്രേഷനിലുള്ളവർ സമാജത്തെ നിർമ്മിയ്ക്കുന്നത്.
പ്ലാനിങ്ങ്, പ്രൊജക്ട് മാനേജ്മെന്റ്, ടൗൺ, നഗര പ്ലാനിങ്ങ്, പൊതുമരാമത്ത് തുടങ്ങി അഡ്മിനിസ്ട്രേഷന്റെ വലിയ ഒരു ഭാഗം സിവിൽ എഞ്ചിനീയറിങ്ങിന്റെ സൃഷ്ടി തന്നെയാണ്.
ആ പരിചയം സമാജത്തെ നല്ല രീതിയിൽ നിർമ്മിക്കാൻ ഒരാളെ സഹായിക്കും..”
ഈ പറഞ്ഞത് നമ്മുടെ വിപ്ളവ മാധ്യമങ്ങൾ ഇങ്ങനെ തിരുത്തി.
”സിവിൽ സർവീസ് എടുക്കേണ്ടത് സിവിൽ എഞ്ചിനീയർമാരാണ്, അല്ലാതെ മെക്കാനിക്കൽ എഞ്ചിനീയർമാരല്ല” എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞെന്നു.ത്രിപുരയിലെ ഭരണമാറ്റത്തിൽ കമ്മികൾക്കും കൊങ്ങികൾക്കും ചൊറിയുന്നത് മനസ്സിലാക്കാം. എന്നാൽ തോളിൽ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം. അല്ലെങ്കിലും ഇത്തരം മഹാൻമാർ കരുതുന്നത് കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്ന്.

തുടര്‍ച്ചയായ അബദ്ധ പ്രസ്തവനകള്‍ നടത്തി ബിപ്ലബ് ദേബ് കുമാര്‍ പാര്‍ട്ടിയ്ക്ക് പ്രതിരോധം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കേരളത്തില്‍നിന്നും സംഘപരിവാര്‍ നേതാക്കള്‍ ഇവര്‍ക്ക് അകമണിഞ്ഞ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

മഹാഭാരത കാലഘട്ടത്തിലും ഇന്റര്‍നെറ്റ് സംവിധാനം നിലനിന്നിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിപ്ലബ് വിവാദ പ്രസ്താവനകള്‍ക്ക് തുടക്കമിട്ടത്. ഇതിനെതിരെ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും അദ്ദേഹം തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയും അത് ആവര്‍ത്തിക്കുകയും ചെയ്തു.

മുന്‍ലോക സുന്ദരി ഡയാന ഹെയ്ഡനെ അധിക്ഷേപിച്ചും അദ്ദേഹം രംഗത്തെത്തി. ഡയാനയ്ക്ക് ഇന്ത്യന്‍ സൗന്ദര്യം ഇല്ലെന്നായിരുന്നു കണ്ടെത്തല്‍.  പിന്നീട് സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസ് പാസാകേണ്ടതെന്നായിരുന്നു പ്രസ്താവന. ഏറ്റവും ഒടുവില്‍ യുവാക്കള്‍ സര്‍ക്കാര്‍ ജോലി നോക്കി ഇരിക്കരുതെന്നും പശുവളര്‍ത്തലോ മുറുക്കാന്‍ കടയോ തുടങ്ങണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.

അതേസമയം പുരാണകഥാപാത്രം നാരദ മഹര്‍ഷിയെ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളിനോട് ഉപമിച്ചാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി  പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയത്. ഗൂഗിളിനെ പോലെ ലോകത്തിലെ സകല കാര്യങ്ങളിലും നാരദന് അറിവുണ്ടായിരുന്നു. മനുഷ്യധര്‍മത്തിനും മാനവിക പുരോഗതിയ്ക്കും വേണ്ടിയായിരുന്നു നാരദന്‍ വിവരങ്ങള്‍ ശേഖരിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. രൂപാണിയുടെ പരാമര്‍ശത്തെ പരിഹസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ രംഗത്തെത്തിയിരുന്നത്.

DONT MISS
Top