ഇത് മൊബൈല്‍ ഫോട്ടോഗ്രഫിയുടെ സുവര്‍ണകാലം; മൊബൈല്‍ ഫോണിലെടുത്ത ഫോട്ടോ മുഖചിത്രമാക്കി വോഗ് മാഗസിന്‍

ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് ഫോട്ടോഗ്രഫി മാറുന്നുവെന്നതിന് സൂചനയായി വോഗ് മാഗസിന്റെ മുഖചിത്രം. മൊബൈല്‍ ഫോണില്‍ എടുത്ത ചിത്രമാണ് വോഗ് മാഗസിന്‍ മുഖചിത്രമായി നല്‍കിയിരിക്കുന്നത്. അതീവ മനോഹരമായ ചിത്രം അങ്ങേയറ്റം പ്രൊഫഷണലായ ഒരാള്‍ മികച്ച ക്യാമറയാല്‍ പകര്‍ത്തിയതാണ് എന്നേ തോന്നുകയുള്ളൂ.

അതിഥി റാവു ഹൈദരിയാണ് മോഡലായി ഇത്തവണ വോഗ് മാസികയുടെ മുഖചിത്രത്തില്‍ ഇടം പിടിച്ചത്. ലൈഫ് സ്റ്റൈല്‍, ഫാഷന്‍ ലോകത്തെ ഏറ്റവും പ്രമുഖ മാസികകളിലൊന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോഗ്. ഇതാദ്യമായാണ് മാസിക ഒരു മൊബൈല്‍ ചിത്രം ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. ഒരുപക്ഷേ ഭാവിയില്‍ ചിത്രമെടുക്കാന്‍ മാത്രമായുള്ള ക്യാമറകള്‍ രംഗത്തുനിന്ന് വിടപറഞ്ഞെന്നുംവരാം.

എന്നാല്‍ ഇത് മൊബൈല്‍ ചിത്രമാണ് എന്നറിയുന്ന ഏതൊരാളും ആദ്യം അന്വേഷിക്കുക ഏത് ഫോണിലാണ് ചിത്രം പകര്‍ത്തിയത് എന്നുള്ളതാണ്. വണ്‍പ്ലസ് കമ്പനിയുടെ ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന വണ്‍പ്ലസ് 6 എന്ന മോഡലാണ് വോഗ് ഈ ചിത്രമെടുക്കാനായി ഉപയോഗിച്ചിരിക്കുന്നത്. വണ്‍പ്ലസ് ഫോണിന്റെ ക്യാമറ നിലവാരത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി ഈ ചിത്രം. മെയ് 17ന് മുംബൈയില്‍ വച്ചാണ് ഇന്ത്യയില്‍ ഫോണ്‍ അവതരിപ്പിക്കുക.

DONT MISS
Top