‘മാതാപിതാക്കളും മൊബൈല്‍ ഫോണുമാണ് പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം’; ഉന്നാവോ പീഡനക്കേസിലെ പ്രതിയെ അനുകൂലിച്ച് സംസാരിച്ച ബിജെപി എംഎല്‍എ

സുരേന്ദ്ര സിംഗ്

ലഖ്‌നൗ: മാതാപിതാക്കളും മൊബൈല്‍ ഫോണുമാണ് വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങള്‍ക്ക് കാരണമെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനെകുറിച്ച് സംസാരിക്കവെയാണ് എംഎല്‍എ പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്. മാതാപിതാക്കളാണ് പീഡനങ്ങള്‍ക്ക് കാരണം. മക്കളെ സ്വതന്ത്രരായി ചുറ്റിത്തിരിയാന്‍ അനുവദിക്കരുതെന്നും എംഎല്‍എ പറയുന്നു.

യുവാക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധചെലുത്തുന്നില്ല. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ മാതാപിതാക്കള്‍ കര്‍ശന നിയന്ത്രണത്തില്‍ വളര്‍ത്തണം. അവരെ സ്വതന്ത്രമായി സ്വന്തം ഇഷ്ടങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുകയാണ്. ഇതാണ് സമൂഹത്തില്‍ തിന്മകള്‍ ഉണ്ടാകാന്‍ കാരണമെന്നും എംഎല്‍എ പറയുന്നു.

കുട്ടികള്‍ക്ക് അമിത സ്വതന്ത്ര്യം നല്‍കാന്‍ പാടില്ല. അവര്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കരുതെന്നും എംഎല്‍എ പറഞ്ഞു. ഉന്നാവോ പീഡനക്കേസില്‍ പ്രതിയായ കുല്‍ദീപ് സെംഗാറിനെ അനുകൂലിച്ചും സുരേന്ദ്ര സിംഗ് സംസാരിച്ചിരുന്നു. മനശാസ്ത്രപരമായാണ് ഞാന്‍ സംസാരിക്കുന്നത്. മൂന്ന് മക്കളുടെ അമ്മയെ ഒരാള്‍ക്കും പീഡിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു സുരേന്ദ്ര സിംഗ് പറഞ്ഞത്.

മമതാ ബാനര്‍ജി ശൂര്‍പ്പണഖയാണെന്നും അവരുടെ മൂക്ക് പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് അരിഞ്ഞ് കളയുമെന്ന് പറഞ്ഞും സുരേന്ദ്ര സിംഗ് ഇതിനു മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

DONT MISS
Top