കര്‍ണാടക കോണ്‍ഗ്രസിന് തന്നെ; വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് സീ ഫോര്‍ സര്‍വെ

ഫയല്‍ ചിത്രം

ബംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ആത്മവിശ്വാസവും ബിജെപിക്ക് നിരാശയും സമ്മാനിച്ച് സീ ഫോര്‍ അഭിപ്രായ സര്‍വെ. വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് സര്‍വെ പറയുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം പിടിക്കാനുറച്ച് കളത്തിലിറങ്ങിയിരിക്കുന്ന ബിജെപിക്ക് തിരിച്ചടി നല്‍കുന്നതാണ് സര്‍വെ.

ഏപ്രില്‍ 20 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലാണ് സര്‍വെ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് 118 മുതല്‍ 128 വരെ സീറ്റുകളോടെ അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ബിജെപിക്ക് 63 മുതല്‍ 73 വരെ സീറ്റുകളും ജെഡിഎസിന് 29-36 സീറ്റുകളും സര്‍വെ പ്രവചിക്കുന്നു. മറ്റുള്ളവര്‍ ഏഴ് സീറ്റുകള്‍ വരെ നേടാം. ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷമത പദവി നല്‍കിയത് കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കില്ലെന്നും സര്‍വെ വ്യക്തമാക്കുന്നു.

61 നിയമസഭാ മണ്ഡലങ്ങളിലെ 6,247 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് സര്‍വെ നടത്തിയത്. മെയ് 12 നാണ് കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. മെയ് 15 ന് ഫലപ്രഖ്യാപനം നടക്കും.  224 സീറ്റുകളുള്ള കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

18 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ 45 ശതമാനം പേരും കോണ്‍ഗ്രസിന് അനുകൂലമായാണ് സര്‍വെയില്‍ പ്രതികരിച്ചിരിക്കുന്നത്. 47 ശതമാനം സ്ത്രീകളും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. ജനപ്രിയ പദ്ധതിയായ ക്ഷീര ഭാഗ്യ ഉള്‍പ്പെടെയുള്ളവയാണ് സ്ത്രീകളെ സ്വാധീനിച്ചിരിക്കുന്നത്.

DONT MISS
Top