യുപിയില്‍ മോര്‍ച്ചറിയിലെ മൃതദേഹം നായ്ക്കള്‍ ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ഫയല്‍ ചിത്രം

അലിഗഡ്: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കള്‍ കടിച്ചുവലിച്ചുകൊണ്ടുപോയി ഭക്ഷിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. നായ്ക്കള്‍ മൃതദേഹഭാഗങ്ങള്‍ കടിച്ചുതിന്നുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവസമയത്ത് മോര്‍ച്ചറിയില്‍ ജോലിയിലുണ്ടായിരുന്ന രണ്ട് ഫാര്‍മസിസ്റ്റുകളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മോര്‍ച്ചറിയിലെ മൃതേദഹം നായ്ക്കള്‍ കടിച്ചുവലിക്കുന്നത് കണ്ട ഒരാള്‍ ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തി രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് അലിഗഡ് സിറ്റി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എംഎല്‍ അഗര്‍വാള്‍ അറിയിച്ചു. ആരുടെ മൃതദേഹമാണ് നായ്ക്കള്‍ ഭക്ഷിച്ചതെന്ന വിവരം അറിവായിട്ടില്ല.

യുപിയില്‍ ആദ്യമായിട്ടല്ല ഇത്തരം സംഭവം നടക്കുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ സമാനമായ സംഭവം ലക്‌നോയിലെ പ്രശസ്തമായ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും നടന്നിരുന്നു. വിഷം ഉള്ളില്‍ ചെന്നതിന് തുടര്‍ന്ന് മരിച്ച സ്ത്രീയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നായ്ക്കള്‍ കടിച്ചുവികൃതമാക്കിയ സംഭവമാണ് അന്ന് നടന്നത്. സ്ത്രീയുടെ ബന്ധുക്കള്‍ക്ക് സംസ്‌കാരത്തിനായി വിട്ടുനല്‍കിയപ്പോള്‍ നായ്്ക്കള്‍ കടിച്ചെടുത്തതിനെ തുടര്‍ന്ന് തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ഈ സംഭവത്തില്‍ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതിന് സമാനമായ സംഭമാണ് ഇപ്പോള്‍ അലിഗഡിലും നടന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഖോരക്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് നൂറിലധികം കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവം ഉത്തര്‍പ്രദേശിലെ യോഗി ആതിദ്യനാഥ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ വെളിപ്പെടുത്ത നിരവധി സംഭവങ്ങളാണ് മാധ്യമങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നത്.

DONT MISS
Top