വാട്ട്‌സ്ആപ്പ് ഹര്‍ത്താലിന്റെ മറവിലുള്ള പൊലീസ് വേട്ടയ്ക്കെതിരെ എസ്ഡിപിഐ ബഹുജന റാലി സംഘടിപ്പിച്ചു

കോഴിക്കോട്: സോഷ്യല്‍ മീഡിയാ ഹര്‍ത്താലിന്റെ മറവിലുള്ള പൊലീസ് വേട്ടക്കെതിരെ എസ്ഡിപിഐ കോഴിക്കോട് നഗരത്തില്‍ ബഹുജന റാലി സംഘടിപ്പിച്ചു. റാലിക്ക് അനുമതി നിഷേധിച്ചെങ്കിലും നിശ്ചയിച്ച ദിവസം പരിപാടി നടത്തുമെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചതോടെ പൊലീസ് അനുമതി നല്‍കുകയായിരുന്നു. കനത്ത പൊലീസ് കാവലിലാണ് പരിപാടി നടന്നത്.

കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കഴിഞ്ഞ മാസം 19 നായിരുന്നു കോഴിക്കോട് നഗരത്തില്‍ ബഹുജന റാലി നടത്താന്‍ തിരുമാനിച്ചത്. എന്നാല്‍ നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ റാലി മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ബഹുജനറാലി 30 ലേക്ക് മാറ്റിവച്ചത്. എന്നാല്‍ ഈ പരിപാടിക്ക് പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അനുമതിനിഷേധിക്കുകയും ചെയ്തതോടെയാണ് എസ്ഡിപിഐ പൊലീസിനെ വെല്ലുവിളിച്ച് പരിപാടിക്ക് ആഹ്വാനം ചെയ്തത്. ഇതോടെ കര്‍ശന നിരീക്ഷണത്തോടെ പരിപാടിക്ക് പൊലീസ് മണിക്കൂറുകള്‍ക്ക് മുമ്പ് അനുമതി നല്‍കി. സ്‌റ്റേഡിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ബഹുജന റാലിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് മുതലക്കുളത്ത് സമാപിച്ച റാലി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

എന്നാല്‍ കത്വ സംഭവത്തിലെ പെണ്‍കുട്ടിയുടെ പേര് പറയരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിട്ടും പെണ്‍കുട്ടിയുടെ പേര് നിരവധി തവണ ആവര്‍ത്തിച്ചാണ് നേതാക്കള്‍ സംസാരിച്ചത്. കൂടാതെ സ്‌റ്റേജ് കെട്ടി പൊതുയോഗം സംഘടിപ്പിക്കരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ മുതലക്കുളത്ത് വാഹനത്തിന്റെ മുകളില്‍ കയറിനിന്നാണ് നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. ഇതോടെ കേസില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.

DONT MISS
Top