സംസ്ഥാനത്ത് ഇന്ന് മുതല്‍ നോക്കുകൂലി സമ്പ്രദായം ഇല്ല; തൊഴിലാളി ദിനത്തില്‍ സര്‍ക്കാരിന്റെ കെെനീട്ടം

പ്രതീകാത്മകചിത്രം

തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ച് ഇത്തവണത്തെ തൊഴിലാളി ദിനം എന്നത് ഒരു സന്തോഷ വാര്‍ത്തയുടേത് കൂടിയാണ്. ഇന്ന് മുതല്‍ സംസ്ഥാനത്ത് നോക്കുകൂലി സമ്പ്രദായം ഇല്ല. നോക്കുകൂലി നിരോധിച്ചുകൊണ്ട് തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. നോക്കൂകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.

ചുമട്ടുതൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണ് ഭേദഗതി ചെയ്തത്. തൊഴില്‍ മേഖലയിലെ മോശം പ്രവണതയ്ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് നോക്കുകൂലി അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം ചെയ്യാത്ത ജോലിയ്ക്ക് കൂലി ആവശ്യപ്പെടാനോ കൈപ്പറ്റാനോ പാടില്ല. ചട്ടം ലംഘിച്ച് ചുമട്ട് തൊഴിലാളികള്‍ അധിക കൂലി വാങ്ങിയാല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഇടപ്പെട്ട് പണം തിരികെ നല്‍കണമെന്നും ഉത്തരവിലുണ്ട്.

അംഗീകൃത തൊഴില്‍ യൂണിയനുകളുടെ അപ്രമാദിത്യമുള്ള കേരളത്തില്‍ ഇന്നു മുതല്‍ നോക്കുകൂലി ജാമ്യമില്ലാ കുറ്റമായി മാറുമെന്നതാണ് ഇത്തവണത്തെ സാര്‍വദേശീയ തൊഴിലാളി ദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അമിതകൂലിയടക്കം ചെയ്യാത്ത ജോലിയ്ക്ക് കൂലി ആവശ്യപ്പെടുന്നതടക്കമുള്ള പ്രവണതകള്‍ കേരളത്തിലെ തൊഴില്‍ സംസ്‌കാരത്തിന് വെല്ലുവിളിയാകുമെന്ന് വിലയിരത്തപ്പെട്ട സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രധാന നടപടി കൈകൊണ്ടത്.

DONT MISS
Top