സമരപോരാട്ടത്തിന്റെ സ്മരണ പുതുക്കി ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം

പ്രതീകാത്മകചിത്രം

തിരുവനന്തപുരം: ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം. തൊഴില്‍ ചൂഷണത്തിനെതിരായ ഐതിഹാസിക സമരപോരാട്ടത്തിന്റെ സ്മരണ പുതുക്കിയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ മെയ്ദിനം ആചരിക്കുന്നത്. സ്ഥിരം തൊഴില്‍ അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തൊഴിലാളിദിനം എന്നതും പ്രത്യേകതയാണ്. അതേസമയം നോക്കുകൂലി അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തിലാകും.

തൊഴില്‍ സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചിക്കാഗോയില്‍ നടന്ന തൊഴിലാളി പ്രക്ഷോഭത്തിന്റെ ഓര്‍മയിലാണ് ലോകമെമ്പാടും മെയ്ദിനം ആചരിക്കുന്നത്. തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അന്നു കൊല്ലപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണപുതുക്കല്‍ കൂടിയാണ് ഈ ദിനം. അംഗീകൃത തൊഴില്‍ യൂണിയനുകളുടെ അപ്രമാദിത്യമുള്ള കേരളത്തില്‍ ഇന്നു മുതല്‍ നോക്കുകൂലി ജാമ്യമില്ലാ കുറ്റമായി മാറുമെന്നതാണ് ഇത്തവണത്തെ സാര്‍വദേശീയ തൊഴിലാളി ദിനത്തിന്റെ പ്രത്യേകത. ചുമട്ടു തൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയ്ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു.

തൊഴില്‍മേഖലയില്‍ മാറ്റങ്ങളൊരുപാട് ഉണ്ടായെങ്കിലും വെയിലും മഴയും അവഗണിച്ച് ജീവിക്കാനായി അധ്വാനിക്കുന്നവരുടെ ജീവിത സാഹചര്യങ്ങളില്‍ ഇനിയും കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. തൊഴിലാളികള്‍ക്കുണ്ടായിരുന്ന എല്ലാ നിയമപരിരക്ഷയും അവസാനിപ്പിക്കപ്പെടുന്ന നാളുകളിലാണ് ഇക്കുറി സാര്‍വദേശീയ തൊഴിലാളി ദിനം ആചരിക്കപ്പെടുന്നതെന്നതും മറക്കാനാകില്ല.

ഉടമയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനുമൊക്കെ അധികാരം നല്‍കുന്ന നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്നു കഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നിയമം മാറ്റിയെഴുതിയതോടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ വലിയ കുറവുണ്ടായ രാജ്യത്ത് ലക്ഷക്കണക്കിന് തൊഴില്‍ രഹിതര്‍ പെരുകുമെന്നതും ഉറപ്പായിക്കഴിഞ്ഞു.

DONT MISS
Top