‘സീരിയലുകളും വമ്പൻ മേളകളും സ്പോൺസർ ചെയ്യുന്നതുപോലെ ചരിത്രസ്മരണകൾക്കും സ്പോൺസർഷിപ്പ്’; മോദി സര്‍ക്കാര്‍ നടപടി ദേശീയ നാണക്കേടെന്ന് തോമസ് ഐസക്ക്

തോമസ് ഐസക്ക്

തിരുവനന്തപുരം: ഡാൽമിയ ഗ്രൂപ്പിന് ചെങ്കോട്ട പോലൊരു ദേശീയ സ്മാരകം കൈമാറിയ മോദി സർക്കാരിന്റെ നടപടിയെ ദേശീയ നാണക്കേടെന്ന് വിശേഷിപ്പിച്ച് മന്ത്രി ടിഎം തോമസ് ഐസക്ക്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളിലെ കറുത്ത കളങ്കമായി ചെങ്കോട്ടയുടെ ചുവരുകളിൽ പതിയുന്ന ഡാൽമിയയുടെ പരസ്യമുദ്ര അവശേഷിക്കുമെന്നും അദ്ദേഹം പറയുന്നു. അമൂല്യമായ ദേശീയ സ്മാരകങ്ങൾ സംരക്ഷിക്കാൻ തുച്ഛമായ തുക പോലും ഖജനാവിൽ നിന്ന് മുടക്കാൻ മടിയുള്ള ബിജെപി ദേശീയതയെക്കുറിച്ചുള്ള ഗീർവാണങ്ങൾ അവസാനിപ്പിക്കണമെന്നും മന്ത്രി പറയുന്നു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇതൊക്കെ രാജ്യത്തിനും ചരിത്രത്തിനും നാണക്കേടാണ് എന്നു ചിന്തിക്കാനുള്ള ബോധമുള്ളവരല്ല നിർഭാഗ്യവശാൽ നാടു ഭരിക്കുന്നത്. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുമ്പോൾ ഒളിച്ചിരുന്നവർക്കും ഒറ്റുകൊടുത്തവർക്കും ഒരിക്കലും ദേശീയസ്മാരകങ്ങളോടു വൈകാരികമായ അടുപ്പം ഉണ്ടാവുകയില്ല. ബിജെപി സർക്കാരിൽ നിന്നോ നേതാക്കളിൽ നിന്നോ അത്തരമൊരു സമീപനം പ്രതീക്ഷിക്കുന്നവരാണ് വിഡ്ഢികൾ.

ചരിത്രത്തോടോ ദേശീയതയോടോ ഉള്ള നിസ്വാർത്ഥമായ താൽപര്യമൊന്നുമല്ല, ഡാൽമിയയെപ്പോലുള്ളവരെ ഇത്തരം കരാറുകൾക്കു പ്രേരിപ്പിക്കുന്നത്. 2010ൽ മാത്രം ഏതാണ്ട് രണ്ടര ദശലക്ഷം ഇന്ത്യാക്കാരും ഒന്നര ലക്ഷം വിദേശികളും സന്ദർശിച്ച ചരിത്രസ്മാരകമാണ് ചെങ്കോട്ട. ഈ എണ്ണം വർഷംതോറും ഏറി വരികയുമാണ്. ഈ സ്മാരകത്തിന്റെ മുക്കിലും മൂലയിലും പരസ്യചിഹ്നങ്ങൾ സ്ഥാപിക്കാനുള്ള അവസരം ഏതു കച്ചവടക്കാരനാണ് വേണ്ടെന്നു വെയ്ക്കുന്നത്.

ഇതുപോലുള്ള സ്ഥലങ്ങളിൽ ഇത്തരം പരസ്യപ്പലകകൾ സ്ഥാപിക്കുന്നത് രാജ്യത്തിനും ജനങ്ങൾക്കും ചരിത്രത്തിനും നാണക്കേടാണ് എന്നു ചിന്തിക്കാൻ കഴിവില്ലാത്ത ഭരണാധികാരികൾ നാടു ഭരിക്കുമ്പോൾ, നാടിന്റെ അന്തസ് കപ്പലു കയറുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു. സോപ്പു സീരിയലുകളും വമ്പൻ മേളകളും സ്പോൺസർ ചെയ്യുന്നതുപോലെ ചരിത്രസ്മരണകൾക്കും സ്പോൺസർഷിപ്പ്. എന്തൊരു അപമാനമാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ചെങ്കോട്ട സംരക്ഷിക്കാൻ പ്രതിവർഷം അഞ്ചു കോടി രൂപ ചെലവഴിക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ല. അതാണ് ഡാൽമിയ കച്ചവടത്തിന്റെ സന്ദേശം. അഞ്ചു വർഷത്തേയ്ക്ക് വെറും 25 കോടി രൂപയ്ക്കാണ് കരാർ. പ്രതിവർഷം അഞ്ചു കോടി രൂപ. അഞ്ചു കോടിയ്ക്കു മുകളിൽ പ്രതിവർഷം വരുമാനമുണ്ടാക്കുന്ന ചരിത്രസ്മാരകമാണ് ചെങ്കോട്ടയെന്ന് സർക്കാർ രേഖകൾ തന്നെ പറയുന്നു. പ്രതിവർഷം ആറോ ഏഴോ കോടി രൂപ വരുമാനമുണ്ടാക്കുന്ന ഒരു ദേശീയ സ്മാരകത്തിന്റെ സംരക്ഷണത്തിന് അഞ്ചു വർഷത്തെ കാലയളവിൽ 25 കോടി ചെലവഴിക്കാൻ കേന്ദ്രസർക്കാരിനു താൽപര്യമില്ല എന്നത് നാണക്കേടിന്റെ ആഴം കൂട്ടുന്നു.

ഒരു വശത്ത് ദേശീയ നേതാക്കളുടെ പ്രതിമ പണിയാൻ മൂവായിരം കോടി ചെലവിടുമ്പോഴാണ് മറുവശത്ത് ചരിത്രസ്മാരകങ്ങൾ ഇത്തരത്തിൽ കോർപറേറ്റുകൾക്കു കൈയൊഴിയുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകതന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

DONT MISS
Top